കാന്താര: റിഷബിന് ദേശീയ അവാർഡ് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു; ശ്രദ്ധേയമായി അറ്റ്ലിയുടെ വാക്കുകൾ
Indian Cinema
കാന്താര: റിഷബിന് ദേശീയ അവാർഡ് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു; ശ്രദ്ധേയമായി അറ്റ്ലിയുടെ വാക്കുകൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th October 2025, 5:50 pm

ബോക്സ് ഓഫീസിന് റെക്കോർഡുകൾ തകർക്കാനൊരുങ്ങുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ചാപ്റ്റർ വൺ. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ആഗോള കളക്ഷനിൽ 500 കോടി കടന്നിരിക്കുകയാണ് ചിത്രം.

പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്രം ഇപ്പോഴും മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതേ കുതിപ്പ് ഇനിയും തുടർന്നാൽ ചിത്രം 1000 കോടി കടക്കുമെന്നാണ് കരുതുന്നത്. കർണാടകയിൽ നിന്ന് മാത്രം 200 കോടി നേടുന്ന ആദ്യചിത്രമായി കാന്താര ചാപ്റ്റർ വൺ മാറുമെന്നാണ് കണക്കുകൂട്ടുന്നത്.

ചിത്രത്തെക്കുറിച്ചും സംവിധായകനും കാന്താരയിലെ പ്രധാനകഥാപാത്രമായ റിഷബ് ഷെട്ടിയെക്കുറിച്ചും സംസാരിക്കുന്ന അറ്റ്‌ലിയുടെ വാക്കുകളാണ് ഇ്‌പ്പോൾ ശ്രദ്ധേയമാകുന്നത്.

റിഷബ് എല്ലാവർക്കും പ്രചോദനമാണെന്നും അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അറ്റ്‌ലി പറയുന്നു.

‘കാന്താര ചാപ്റ്റർ 1 റിലീസ് ചെയ്തപ്പോൾ ഞാൻ ആംസ്റ്റർഡാമിലായിരുന്നു. സിനിമ കാണാൻ തിയേറ്ററിലേക്ക് 2.5 മണിക്കൂർ യാത്ര ചെയ്തു. സിനിമ കണ്ട ഉടനെ ഞാൻ റിഷബിനെ വിളിച്ച് ആശംസകൾ അറിയിച്ചു.

അദ്ദേഹം എന്റെ നല്ല സുഹൃത്തും എനിക്ക് വളരെ ബഹുമാനമുള്ള വ്യക്തിയുമാണ്. സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അദ്ദേഹമൊരു പ്രചോദനമാണെന്നാണ് എനിക്ക് തോന്നുന്നത്.

ഒരു സംവിധായകൻ എന്ന നിലയിൽ അത്തരം ഒരു സിനിമ എടുക്കുന്നതിൽ ബുദ്ധിമുട്ട് എനിക്കറിയാം. എന്നാൽ അദ്ദേഹം സംവിധാനം ചെയ്യുക മാത്രമല്ല ചെയ്തത്, അഭിനയിക്കുകയും ചെയ്തു. ഒരു കഥാപാത്രമായിട്ടല്ല അഭിനയിച്ചത്, അതിലെ പ്രധാനകഥാപാത്രം തന്നെ റിഷബ് ആയിരുന്നു. ഒരുപാട് റിഥം ആവശ്യമുള്ള കഥാപാത്രമായിരുന്നു. അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,’ അറ്റ്‌ലീ പറഞ്ഞു.

ദക്ഷിണ കർണാടകയിൽ കണ്ടുവരുന്ന ഭൂതക്കോലം എന്ന അനുഷ്ഠാന കലയെ ആസ്പദമാക്കി 2022ൽ പുറത്തിറക്കിയ ചിത്രമാണ് കാന്താര. കർണാടകയിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിന്റെ പ്രീക്വലായാണ് ഈ സിനിമ. 16 കോടിയിലൊരുങ്ങിയ കാന്താര ബോക്‌സ് ഓഫീസിൽ നിന്ന് 400 കോടിയാണ് നേടിയത്. കെ.ജി.എഫ്. 2വിന്റെ കളക്ഷനെ മറികടന്നാണ് കാന്താര ഇൻഡസ്ട്രി ഹിറ്റായത്.

ചിത്രത്തിൽ നായികയായി എത്തിയത് രുക്മിണി വസന്ത് ആയിരുന്നു. പാൻ ഇന്ത്യൻ സെൻസേഷനായി മാറാൻ ഈ ചിത്രത്തിലൂടെ രുക്മിണിക്ക് സാധിച്ചിട്ടുണ്ട്.

ചിത്രത്തിൽ പിന്നെ ഞെട്ടിച്ചത് ജയറാം ആയിരുന്നു. അന്യ ഭാഷയിൽ പോയി കോമഡി റോളുകൾ മാത്രം ചെയ്യുന്ന നടൻ എന്ന പേര് ജയറാമിനുണ്ടായിരുന്നു. എന്നാൽ ആ പേരാണ് ജയറാം കാന്താരയിലൂടെ മാറ്റി മറിച്ചത്.

 

Content Highlight: Atlee talking about Kantara Movie and Rishab Shetty