തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം നടത്തുന്ന ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 75 കോടിയോളം നേടിക്കഴിഞ്ഞു. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ താരങ്ങളിലൊരാളാണ് അതുല്യ ചന്ദ്ര. പ്രണവ് അവതരിപ്പിച്ച രോഹന്റെ കാമുകിയായാണ് അതുല്യ വേഷമിട്ടത്.
ഡീയസ് ഈറേയുടെ ഇന്‍ട്രോ സീന്‍ തന്നെ പ്രണവും അതുല്യയും തമ്മിലുള്ള ഇന്റിമസി രംഗമായിരുന്നു. കഥക്ക് ആവശ്യമുള്ളതുകൊണ്ടാണ് അത്തരമൊരു രംഗം സിനിമയില്‍ പ്ലെയ്‌സ് ചെയ്തതെന്ന് പറയുകയാണ് അതുല്യ ചന്ദ്ര. പ്രണവിന്റെ കഥാപാത്രം എങ്ങനെയുള്ള ആളാണെന്ന് ആദ്യ സീനില്‍ തന്നെ കാണിക്കാന്‍ അത്തരമൊരു രംഗം ആവശ്യമായിരുന്നെന്ന് അതുല്യ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.
‘ആ സീനിനെക്കുറിച്ച് എന്നോട് സംസാരിച്ചപ്പോള്‍ അത് ബോള്‍ഡ്‌നെസ്സ് ആവശ്യപ്പെടുന്ന സീന്‍ എന്നതിനപ്പുറം കഥയില്‍ ആ ഭാഗം എങ്ങനെയാണ് ഇംപാക്ട് ഉണ്ടാക്കുക എന്നാണ് ചിന്തിച്ചത്. വെറുമൊരു ഇന്റിമസി സീന്‍ എന്നതിന് പുറമെ ആ ക്യാരക്ടര്‍ എങ്ങനെയുള്ള ആളാണെന്ന് കുറഞ്ഞ സമയം കൊണ്ട് എസ്റ്റാബ്ലിഷ് ചെയ്യുകയാണ്.
മാത്രമല്ല, സ്‌നേഹവും ദേഷ്യവും സങ്കടവുമൊക്കെ പോലെ അതും ഒരു വികാരമാണ്. അത് എക്‌സ്പ്രസ് ചെയ്യുന്ന രീതി വെച്ച് നമുക്ക് ആ കഥാപാത്രത്തിന്റെ രീതി മനസിലാക്കാന്‍ സാധിക്കള്ളൂ. ഇന്റിമസി കൊറിയോഗ്രാഫര്‍മാര്‍ ആ സീനിന് വേണ്ട നിര്‍ദേശങ്ങള്‍ തന്നിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഡാന്‍സിനും ഫൈറ്റിനുമൊക്കെ കൊറിയോഗ്രഫി ചെയ്യുന്നതുപോലെ തന്നെയാണ് ഇന്റിമസി സീനിനും. അല്ലാതെ വേറെ വ്യത്യാസമൊന്നുമില്ല’ അതുല്യ പറഞ്ഞു.
ഭൂതകാലം എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ രാഹുല്‍ സദാശിവനൊപ്പം വര്‍ക്ക് ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും താരം പറഞ്ഞു. അന്നേ രാഹുലിന് മെസേജയച്ചെന്നും നല്ല വേഷമുണ്ടെങ്കില്‍ വിളിക്കാമെന്ന് അറിയിച്ചെന്നും അതുല്യ കൂട്ടിച്ചേര്‍ത്തു. ഭ്രമയുഗം കണ്ടപ്പോള്‍ കുറച്ചുകൂടി എക്‌സൈറ്റഡായെന്നും പിന്നീട് ഡീയസ് ഈറയിലേക്ക് തന്നെ വിളിച്ചെന്നും താരം പറയുന്നു.
‘വളരെ ഇംപോര്‍ട്ടന്റായിട്ടുള്ള സീനാണെന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്. അത് ഇത്രയും ഇംപാക്ടുണ്ടാക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. സ്‌ക്രിപ്റ്റ് വായിച്ചുകേട്ടപ്പോള്‍ തന്നെ ഞാന്‍ ഓക്കെയായിരുന്നു. പിന്നെ ഷൂട്ട് ഇല്ലാത്ത സമയത്ത് ഞാനും പ്രണവും സ്വാതിയുമായിരുന്നു ഒരുമിച്ച് ഉണ്ടായിരുന്നത്. പ്രണവ് ആള് ഭയങ്കര പാവമാണ്. അങ്ങനെയാണ് പുള്ളി എല്ലാവരോടും പെരുമാറുന്നത്,’ അതുല്യ ചന്ദ്ര പറഞ്ഞു.
Content Highlight: Athulya Chandra about the intimacy scene in Dies Irae movie