ബോക്‌സ് ഓഫീസിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ചരിത്രത്തിലുണ്ടായതില്‍ വെച്ച് ഏറ്റവും മികച്ച സമയമാണ് മലയാള സിനിമയുടെത്. ജയസൂര്യ നായകനായ ആട് 3 നൂറ് കോടി ക്ലബ്ബില്‍ എത്തിയതിന് പിന്നാലെ ഇന്‍ഡസ്ട്രി ഹിറ്റടിച്ച് വാഴ 2വും ഇവരെല്ലാവരും ചേര്‍ന്ന് സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ നാലാം ക്ലാസുകാരന്‍ ജോര്‍ജ്കുട്ടിയും എത്തിയതോടെ വലിയ ബിസിനസാണ് മലയാളത്തില്‍ നടക്കുന്നത്.

എമ്പുരാന് ശേഷം മലയാളത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ഡേ കളക്ഷനായ 43 കോടിയോളം നേടി വരവറിയിച്ച ദൃശ്യം 3  ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറ് കോടി ക്ലബ്ബിലും 150 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. മൂന്ന് ദിവസം കൊണ്ടായിരുന്നു ചിത്രം നൂറ് കോടി കബ്ബില്‍ ഇടം പിടിച്ചത്. ഇതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ നിന്നും മോളിവുഡിലെ ആദ്യ നൂറ് കോടി ചിത്രമായ പുലിമുരുകനെ പുറത്താക്കാനും ദൃശ്യം 3യ്ക്ക് സാധിച്ചിരുന്നു.

ദൃശ്യം 3. Photo: IMDB

ഇതോടൊപ്പം തന്നെ ബോക്‌സ് ഓഫീലെ മറ്റൊരു റെക്കോര്‍ഡും ചിത്രം നേടിയിരുന്നു. ഒരു മലയാള ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യത്തെ തിങ്കളാഴ്ച്ച നേടുന്ന ഏറ്റവും വലിയ വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസ് കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് ദൃശ്യം 3. കല്ല്യാണി പ്രിയദര്‍ശന്‍ നായികയായ ലോകഃ ചാപ്റ്റര്‍ വണ്ണിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായിരിക്കുന്നത്. 14.5 കോടിയിലധികം നേടിയ ലോകഃയുടെ റെക്കോര്‍ഡ് 15 കോടിയിലധികം നേടിക്കൊണ്ടാണ് ദൃശ്യം 3 സ്വന്തമാക്കിയിരിക്കുന്നത്.

കാട്ടുതീ പോലെ ബോക്‌സ് ഓഫീസില്‍ മികച്ച പ്രദര്‍ശനവുമായി ദൃശ്യം 3 മുന്നേറുമ്പോള്‍ കരകയറാന്‍ പാടുപെടുകയാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും പ്രധാനവേഷത്തിലെത്തിയ അതിരടി. മെയ് 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയും തിയേറ്ററുകളില്‍ നിന്നും 50 കോടിയിലധികം സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൃത്യം ഒരാഴ്ച്ചയ്ക്ക് ശേഷം ദൃശ്യം 3 തിയേറ്ററുകളിലെത്തിയപ്പോള്‍ അതിരടിയ്ക്ക് അടിപതറുകയായിരുന്നു.

അതിരടി. Photo: District

എങ്കിലും തരക്കേടില്ലാത്ത പ്രകടനമാണ് അതിരടി കാഴ്ച്ചവെയ്ക്കുന്നതെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാമത്തെ തിങ്കളാഴ്ച്ച ചിത്രം 75 ലക്ഷം അതിരടി സ്വന്തമാക്കിയതായാണ് കണക്കുകള്‍. 28ന് ആന്റണി വര്‍ഗീസ് പെപെ നായകനാകുന്നു ഹൈ വോള്‍ട്ട് ആക്ഷന്‍ ചിത്രം കാട്ടാളന്‍ കൂടെയെത്തുമ്പോള്‍ അതിരടിയുടെ കാര്യം ഏറെക്കുറെ തീരുമാനമാകുമെന്നാണ് സിനിമാപേജുകള്‍ വിലയിരുത്തുന്നത്.

Content Highlight: Athiradi struggles to survive in theatres after Drishyam 3’s glorious run