നിയമസഭ തെരഞ്ഞെടുപ്പ്; സീറ്റ്, സ്ഥാനാര്‍ത്ഥി, ടേം നിബന്ധന സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല: പി.എം.എ. സലാം
Kerala
നിയമസഭ തെരഞ്ഞെടുപ്പ്; സീറ്റ്, സ്ഥാനാര്‍ത്ഥി, ടേം നിബന്ധന സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല: പി.എം.എ. സലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 12:56 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്‌ലിം ലീഗിനെ കുറിച്ച് മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം വിഷയത്തിൽ വ്യക്തത വരുത്തിയത്.

സീറ്റുകളെ സംബന്ധിച്ചോ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ചോ ടേം നിബന്ധനകളെ കുറിച്ചോ പാർട്ടി ഇതുവരെയും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളും അതിന്റേതായ സമയങ്ങളിൽ സമയബന്ധിതമായി തീരുമാനിക്കാൻ ലീഗിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്‌ലിം ലീഗിനെ കുറിച്ച് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ തികച്ചും വ്യാജമാണ്. സീറ്റുകളെ സംബന്ധിച്ചോ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ചോ ടേം നിബന്ധനകളെ കുറിച്ചോ പാർട്ടി ഇത് വരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. തീരുമാനവും എടുത്തിട്ടില്ല. എല്ലാ കാര്യങ്ങളും അതിൻ്റെതായ സമയങ്ങളിൽ സമയബന്ധിതമായി തീരുമാനിക്കാൻ മുസ്‌ലിം ലീഗിന് സാധിക്കും. ഇപ്പോൾ ഇത്തരം ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല.

എന്നാൽ ഇത് സംബന്ധിച്ച് പലതരം വാർത്തകൾ വിവിധ കോണുകളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ചില നിക്ഷിപ്ത താത്പര്യക്കാർ അവരുടെ ആഗ്രഹങ്ങൾക്കും മനോഗതിക്കുമനുസരിച്ച് കെട്ടിച്ചമക്കുന്നതാണ്. വ്യാജ പ്രചാരവേലകളുമാണ്. ഇതിൻ്റെ പിറകിൽ ആർക്കെങ്കിലും എന്തെങ്കിലും താത്പര്യമുണ്ടോയെന്നറിയില്ല,’ അദ്ദേഹം കുറിച്ചു.

തെരഞ്ഞെടുപ്പ് സംബന്ധിയായ പ്രവർത്തനങ്ങൾ ആരംഭിക്കാനും വോട്ടർപട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ തുടങ്ങാനും സംഘടനാരംഗം ശക്തമാക്കാനും മുന്നണി ബന്ധം ദൃഢമാക്കാനുമുള്ള കാര്യങ്ങളാണ് പാർട്ടി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണി ബന്ധം ദൃഢമാക്കാനുമുള്ള ശ്രമങ്ങളുമായി പ്രിയപ്പെട്ട പ്രവർത്തകർ മുന്നോട്ട് പോവുകയാണെന്നും അവരുടെ ആത്മവീര്യം തകർക്കാനുള്ള കുത്സിത ശ്രമവും സംഘടനാ ശത്രുക്കൾ നടത്തുന്ന പ്രചാര വേലയുമായി മാത്രമെ ഇത്തരം വാർത്തകളെ കാണാൻ കഴിയൂവെന്നും പി.എം.എ. സലാം പറഞ്ഞു.

‘പ്രിയപ്പെട്ട സഹപ്രവർത്തകർ ഇത്തരം പ്രചാരവേലകളിൽ വഞ്ചിതരാവരുത്. പാർട്ടി തെരഞ്ഞെടുപ്പ് സംബന്ധിയായ എല്ലാ തീരുമാനങ്ങളും കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ പാർട്ടിയുടെ ഉന്നത നേതൃത്വവും പാർലമെൻ്ററി ബോർഡുമൊക്കെ കൂടി തീരുമാനിക്കുന്നതായിരിക്കും. യഥാസമയം അത്തരം കാര്യങ്ങൾ പാർട്ടി തന്നെ ഔദ്യോഗികമായി പ്രവർത്തകരെ അറിയിക്കും. മറ്റു മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ വിശ്വസിക്കരുത്. പ്രചരിപ്പിക്കരുത്,’ അദ്ദേഹം പറഞ്ഞു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പുതുതായി നാല് സീറ്റുകൾ കൂടുതൽ ആവശ്യപ്പെടുമെന്നും തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ വ്യവസ്ഥ നടപ്പാക്കാന്‍ ഒരുങ്ങുന്നവെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മൂന്ന് തവണ തുടര്‍ച്ചയായി എം.എല്‍.എയായവര്‍ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് പാര്‍ട്ടിയുടെ ആലോചനയെന്ന് വാർത്തകൾ വന്നിരുന്നു. മുതിര്‍ന്ന നേതാക്കളായ പി. കെ. കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍ എന്നിവര്‍ക്ക് മാത്രം ഇളവ് അനുവദിച്ചാല്‍ മതിയെന്ന് ധാരണയായതായും റിപ്പോർട്ടുകളിൽ പറയുന്നു.

കൂടാതെ വടക്കൻ ജില്ലകളിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്‌ലിം ലീഗിൻ്റെ നീക്കമെന്നും കോഴിക്കോട് വയനാട് ജില്ലകളിൽ കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ് ലീഗെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയോ നാദാപുരമോ വേണമെന്ന നിലപാടിലാണ് ലീ​ഗ് നേതൃത്വം എന്ന രീതിയിലും വാർത്തകൾ വന്നിരുന്നു.

 

Content Highlight: Assembly elections; No discussion has taken place regarding seat, candidate, term conditions: PMA Salam