അസം കല്‍ക്കരി ഖനി ദുരന്തം; രക്ഷാപ്രവര്‍ത്തനത്തില്‍ പുരോഗതിയില്ലെന്ന് മുഖ്യമന്ത്രി
national news
അസം കല്‍ക്കരി ഖനി ദുരന്തം; രക്ഷാപ്രവര്‍ത്തനത്തില്‍ പുരോഗതിയില്ലെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2025, 9:12 am

ദിസ്പൂര്‍: അസമില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതില്‍ പുരോഗതികളൊന്നും ഉണ്ടായിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. തുടര്‍ച്ചയായി അഞ്ചാം ദിവസവും ജലനിരപ്പ് വര്‍ധിച്ചുവരികയാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

12 വര്‍ഷം മുമ്പ് തന്നെ ഖനിയിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരുന്നുവെന്നും പിന്നാലെ നടന്ന ഖനനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളെല്ലാം നിയമവിരുദ്ധനമായാണെന്നും അസം മുഖ്യമന്ത്രി പറയുന്നു. മൂന്ന് വര്‍ഷം മുമ്പുവരെ ഖനി അസം മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലായിരുന്നുവെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

അതേസമയം തൊഴിലാളികളുടെ സൂപ്പര്‍വൈസറിനെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. തൊഴിലാളികള്‍ ഖനിയില്‍ അകപ്പെട്ടത് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമറാങ്‌സോയില്‍ നടന്ന വ്യാപകമായ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഖനിയുടെ പാട്ട ഉടമ ശിക്ഷ് നുനിസയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥരും കൂട്ടിച്ചേര്‍ത്തു.

ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോയിലെ ക്വാറിയില്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്നത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന മുങ്ങല്‍ വിദഗ്ധര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇക്കാരണത്താല്‍ രക്ഷാ പ്രവര്‍ത്തനം വൈകുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പിന്നാലെ വെള്ളം ഒഴിവാക്കാനുള്ള ശ്രമത്തില്‍ കോള്‍ ഇന്ത്യ പമ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിലെത്തിയിരുന്നു. ഇന്‍സ്റ്റലേഷനിലൂടെ 24 മണിക്കൂര്‍ സമയത്തില്‍ 500 ഗാലന്‍ വെള്ളം ഇതിലൂടെ ഒഴിവാക്കാനുള്ള ശ്രമത്തിലാണെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ കല്‍ക്കരി ഫീല്‍ഡ് ജനറല്‍ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ കുടുങ്ങി കിടക്കുന്ന ഒമ്പത് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഖനിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുന്നതായും വിവിധ ഏജന്‍സികള്‍ ശ്രമിച്ചിട്ടും ഖനിക്കുള്ളിലെ ജലനിരപ്പില്‍ വ്യത്യാസമൊന്നും ഉണ്ടാവുന്നില്ലെന്ന് ദുരന്തനിവാരണ സേനാംഗങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ നാവികസേനയും കരസേനയും എന്‍.ഡി.ആര്‍.എഫും സഹായത്തിനായി മുങ്ങല്‍ വിദഗ്ധരും അടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ജനുവരി ആറിനാണ് അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറങ്‌സോയില്‍ ഏകദേശം മുന്നൂറടിയോളം ആഴമുള്ള ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്.

മലയോര ജില്ലയിലെ ഉംറംഗ്ഷൂ മേഖലയിലെ ടിന്‍ കിലോ എന്ന സ്ഥലത്ത് സംസ്ഥാന സര്‍ക്കാരിന്റെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പ് പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിക്കുള്ളില്‍ തിങ്കളാഴ്ച രാവിലെയോടെ ജോലിക്ക് പോയ തൊഴിലാളികള്‍ വെള്ളപ്പൊക്കം മൂലം കുടുങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlight: Assam Coal Mine Disaster; Chief Minister said that there is no progress in the rescue operation