ടൂറിസ്റ്റുകളായാണ് മഹാരാഷ്ട്രയിലെ എം.എല്‍.എമാര്‍ എത്തിയത്, എല്ലാ സംസ്ഥാനങ്ങളിലെ എം.എല്‍.എമാര്‍ക്കും ഇവിടേക്ക് സ്വാഗതം: അസം മുഖ്യമന്ത്രി
national news
ടൂറിസ്റ്റുകളായാണ് മഹാരാഷ്ട്രയിലെ എം.എല്‍.എമാര്‍ എത്തിയത്, എല്ലാ സംസ്ഥാനങ്ങളിലെ എം.എല്‍.എമാര്‍ക്കും ഇവിടേക്ക് സ്വാഗതം: അസം മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th June 2022, 4:09 pm

ഗുവാഹത്തി: മഹാരാഷ്ട്ര എം.എല്‍.എമാര്‍ അസമിലെത്തിയതില്‍ തനിക്ക് പങ്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ടൂറിസ്റ്റുകളായാണ് മഹാരാഷ്ട്രയിലെ എം.എല്‍.എമാര്‍ അസമിലെത്തിയതെന്നും എല്ലാ സംസ്ഥാനങ്ങളിലെ എം.എല്‍.എമാരെയും സ്വാഗതം ചെയ്യുന്നതായും അസം മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണം.

‘ഒരുപാട് എം.എല്‍.എമാര്‍ സംസ്ഥാനത്തിലേക്കുവരുന്നുണ്ട്. അതില്‍ മഹാരാഷ്ട്രയെ കൂടാതെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരുമുണ്ട്. അവരൊക്കെ ടൂറിസ്റ്റുകളായാണ് അസമിലേക്കുവന്നിട്ടുള്ളത്. എല്ലാ ആളുകളെയും ഞാന്‍ സ്വാഗതം ചെയ്യുകയാണ്.

എല്ലാ സംസ്ഥാനങ്ങളിലേയും എം.എല്‍.എമാരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ആര്‍ക്കും വന്ന് ഒരു ആഴ്ച ഇവിടെ ചെലവഴിക്കാം. അസമിലെ ഹോട്ടലുകളില്‍ ആരൊക്കെ വന്നു എന്നതിന് എനിക്കെന്ത് ചെയ്യാന്‍ കഴിയും,’ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ രാജിവെക്കാതെ അവിശ്വാസപ്രമേയത്തെ നേരിടാന്‍ മഹാവികാസ് അഘാടി സഖ്യം തീരുമാനിച്ചു.

വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവെക്കരുത് എന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വം ഉദ്ധവ് താക്കറെയെ അറിയിച്ചു. നിലവില്‍ അംഗബലം എതിരാണെങ്കിലും കോടതിവഴി നിയമപരമായ പോരാട്ടം നടത്താനാണ് മഹാവികാസ് അഘാഡിയുടെ നീക്കം.

144ാണ് നിലവില്‍ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. എന്നാല്‍ ഏക്നാഥ് ഷിന്‍ഡെ ഉള്‍പ്പടെ പന്ത്രണ്ട് പേരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ധവ് താക്കറെയും ശരദ് പവാറും നോക്കുന്നത്.

എന്നാല്‍, അയോഗ്യരാക്കിയാല്‍ ഉടന്‍ കോടതിയിലെത്താനുള്ള നിയമനടപടികള്‍ക്ക് ബി.ജെ.പി ഒരുങ്ങി കഴിഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നടപടി.