ജാക്ക് ആന്‍ഡ് ജില്‍ ആദ്യം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാത്തതിന് കാരണമുണ്ട്; സന്തോഷ് ശിവന്‍ പറയുന്നു
Movie Day
ജാക്ക് ആന്‍ഡ് ജില്‍ ആദ്യം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാത്തതിന് കാരണമുണ്ട്; സന്തോഷ് ശിവന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th June 2022, 3:05 pm

ക്യാമറാമാന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ജാക്ക് ആന്‍ഡ് ജില്‍. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

വലിയ പ്രതീക്ഷയോടെ ചിത്രത്തെ കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ചിത്രം സമ്മാനിച്ചത്. സന്തോഷ് ശിവനില്‍ നിന്നും പ്രതീക്ഷിച്ച ഒന്നും ലഭിച്ചില്ലെന്ന വിമര്‍ശനമായിരുന്നു പ്രധാനമായും ഉയര്‍ന്നത്.

തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രം ഒ.ടി.ടില്‍ എത്തിയിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെയും ചിത്രവും ചിത്രത്തിലെ ചില രംഗങ്ങളുമെല്ലാം വലിയ ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

എന്തുകൊണ്ട് ജാക്ക് ആന്‍ഡ് ജില്‍ നേരിട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്തില്ല എന്നതിന് മറുപടി പറയുകയാണ് സന്തോഷ് ശിവന്‍. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാക്ക് ആന്‍ഡ് ജില്‍ ഒ.ടി.ടിയില്‍ നേരിട്ട് റിലീസ് ചെയ്യാന്‍ പലരും പറഞ്ഞിരുന്നെന്നും എന്നാല്‍ തിയേറ്ററില്‍ തന്നെ റിലീസ് വേണമെന്നത് തന്റെ തീരുമാനമായിരുന്നെന്നും സന്തോഷ് ശിവന്‍ പറയുന്നു.

ജാക്ക് ആന്‍ഡ് ജില്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ എന്റെ അടുത്ത് പലരും പറഞ്ഞിരുന്നു. ഇതൊരു സിനിമ എക്‌സ്പീരിയന്‍സ് അല്ലേ എന്തിനാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് എന്ന് തോന്നി.

ഞാന്‍ തന്നെയാണ് പൈസയെല്ലാം മുടക്കിയത്. അതുകൊണ്ട് തന്നെ ഞാന്‍ കുറച്ച് വെയ്റ്റ് ചെയ്യാമെന്ന് തോന്നി. തിയേറ്ററില്‍ തന്നെ കാണണമെന്നും തോന്നി. എന്റെ ഒരു കാഴ്ചപ്പാടില്‍ എല്ലാ ക്രിയേറ്റിവിറ്റിയും ഇരുട്ടില്‍ നിന്നാണ് തുടങ്ങുന്നത്.

ഒരു വിത്ത് ഇരുട്ടില്‍ നിന്നാണ് വെളിച്ചത്തിലേക്ക് വരുന്നത്, ഒരു കുഞ്ഞ് ജനിക്കുകയാണെങ്കിലും എല്ലാം ആ ഒരു പ്രോസസിലാണ്. അതുകൊണ്ട് ആളുകള്‍ തിയേറ്ററില്‍ വന്നിരുന്ന് സിനിമ കാണണമെന്നത് എനിക്ക് തോന്നി. സയന്റിഫിക്കായി ഇതിനകത്ത് ഒന്നും ഇല്ലെങ്കിലും എനിക്ക് ഇഷ്ടമാണ് അങ്ങനത്തെ ഒരു തിങ്കിങ്. അതുകൊണ്ടാണ് വെയ്റ്റ് ചെയ്തത്. ഒരു വലിയ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ പറഞ്ഞു.

എത്ര നല്ല ഷോട്ട് എടുത്ത് വന്നാലും അത് ഗ്രാഫിക്‌സ് ആണെന്ന് ആള്‍ക്കാര്‍ പറയാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു സന്തോഷ് ശിവന്റെ മറുപടി. എന്നാല്‍ തന്റെ വര്‍ക്കില്‍ അങ്ങനെ വിമര്‍ശനം കേട്ടിട്ടില്ലെന്നും സന്തോഷ് ശിവന്‍ പറഞ്ഞു.

വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഷോട്ട് കാണുമ്പോള്‍ മിക്കവാറും പേര്‍ അത് ഗ്രാഫിക്‌സ് ആണെന്ന് പറയുന്നത് ഞാന്‍ കേടിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഇത് രണ്ടും തിരിച്ചറിയാന്‍ പറ്റിക്കൊള്ളണമെന്നില്ല, സന്തോഷ് ശിവന്‍ പറഞ്ഞു. അറിയാന്‍ പറ്റില്ല. എനിക്ക് മനസിലാകും.

ക്യാമറയില്‍ കൂടി അഭിനയം ആസ്വദിക്കാറുള്ള ആളാണ് താനെന്നും ചില ഷോട്ടുകള്‍ എടുക്കുമ്പോള്‍ അറിയാതെ കണ്ണുനീരൊക്കെ വരുമെന്നും സന്തോഷ് ശിവന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ജാക്ക് ആന്‍ഡ് ജില്ലിലെ നായികയായ മഞ്ജു വാര്യരെ സ്‌ക്രീനിലൂടെ കാണുമ്പോള്‍ എന്താണ് തോന്നാറുള്ളത് എന്ന ചോദ്യത്തിന് ഫുള്‍ ഓഫ് റേഡിയന്‍സ് (തേജസ്) ആണെന്നായിരുന്നു സന്തോഷ് ശിവന്റെ മറുപടി. വെളിയില്‍ കൂടി കാണുന്നതും ക്യാമറയില്‍ കാണുന്നതും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Director Santhosh Sivan about Jack and Jill OTT release