മദ്രസകളുടെ എണ്ണം വെട്ടിക്കുറക്കും, പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
national news
മദ്രസകളുടെ എണ്ണം വെട്ടിക്കുറക്കും, പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd January 2023, 8:14 am

ഗുവാഹത്തി: സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം വെട്ടിക്കുറക്കാനും രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിക്കാനുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

‘ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. മദ്രസകളില്‍ പൊതുവിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരാനും രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസം മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ ന്യൂനപക്ഷ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അവരും അസം സര്‍ക്കാരിനെ സഹായിക്കുന്നുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.

സംസ്ഥാനത്തെ മദ്രസകളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അസം പൊലീസ് ഡയറക്ടര്‍ ജനറല്‍ ഭാസ്‌കര്‍ ജ്യോതി മഹന്ത് (Bhaskar Jyoti Mahant) കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

”അസമില്‍ മദ്രസകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇന്ന് ഞങ്ങള്‍ 68 മദ്രസ നടത്തിപ്പുകാരുമായി ആശയവിനിമയം നടത്തി,” തിങ്കളാഴ്ച ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അസം ഡി.ജി.പി പറഞ്ഞു.

ചെറിയ മദ്രസകള്‍ വലിയവയുമായി ലയിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായും ഡി.ജി.പി വ്യക്തമാക്കി.

”മദ്രസകളില്‍ എങ്ങനെ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും, നിയമങ്ങള്‍ നിശ്ചയിക്കും ബോര്‍ഡുകള്‍ രൂപീകരിക്കും എന്നിവ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

നൂറോളം ചെറിയ മദ്രസകളെ വലിയവയുമായി ലയിപ്പിച്ചു. സര്‍വേകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്,” ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു.

Content Highlight: Assam CM Himanta Biswa Sarma says govt want To Reduce Number of Madrassas In State