ഗുവഹത്തി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിന്റെ അസ്തിത്വം ഭീഷണിയിലാണെന്നാണ് ഹിമന്ത പ്രസംഗത്തില്‍ പറഞ്ഞത്. നിയമവിരുദ്ധരായ കുടിയേറ്റക്കാരുടെ എണ്ണം കൂടുന്നത് അസമിന്റെ പൈതൃകവും സംസ്‌കാരവും അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളി സംസാരിക്കുന്ന മുസ്‌ലിങ്ങളെയാണ് ഹിമന്ത ബിശ്വ ‘നിയമവിരുദ്ധ കുടിയേറ്റക്കാര്‍’ എന്ന് വിശേഷിപ്പിച്ചത്.
പ്രസംഗത്തില്‍ ഉടനീളം നിയമവിരുദ്ധമായ കൈയേറ്റവും നുഴഞ്ഞുകയറ്റവും മുസ്‌ലിങ്ങളുടെ പേരില്‍ അദ്ദേഹം പേരെടുത്ത് പറയാതെ ആരോപിക്കുകയായിരുന്നു . മൗനം പാലിച്ചുകൊണ്ടിരുന്നാല്‍ കുറച്ചു കാലത്തിനുള്ളില്‍ തങ്ങളുടെ സംസ്‌കാരവും പൈതൃകവും ഇല്ലാതാക്കപ്പെടുമെന്ന് ഹിമന്ത ബിശ്വ ശര്‍മ ആവര്‍ത്തിച്ച് പറഞ്ഞു. നിലവിലെ പ്രവണതകള്‍ തുടരുകയാണെങ്കില്‍ അടുത്ത ദശകത്തില്‍ അസമില്‍ ദേശീയപതാക ഉയര്‍ത്തുന്നത് ‘നിയമവിരുദ്ധ കുടിയേറ്റക്കാരാ’യാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മള്‍ മൗനം പാലിച്ചാല്‍, അടുത്ത ദശകത്തിനുള്ളില്‍ നമ്മുടെ സ്വത്വം, പാരമ്പര്യം തുടങ്ങി നമ്മളെ അസാമിയാക്കുന്ന എല്ലാം നശിപ്പിക്കപ്പെടും. കാമാഖ്യയിലെ പവിത്രമായ നീലാചല്‍ കുന്നുകള്‍ പോലും ഒഴിവാക്കപ്പെടില്ല. ഇത് വെറുമൊരു രാഷ്ട്രീയ പ്രശ്‌നമല്ല, നമ്മുടെ നിലനില്പിന് വേണ്ടിയുള്ള പോരാട്ടമാണ്,’ ഹിമന്ത ബിശ്വ ശര്‍മ പറയുന്നു.
ലവ് ജിഹാദ് പോലെ ലാന്‍ഡ് ജിഹാദും അസമില്‍ നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നുഴഞ്ഞുകയറ്റുകാര്‍ അസമിലെ ഭൂമിയിലും സാമ്പത്തിക, സാംസ്‌കാരിക ഇടങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറയുന്നു. അസമിലെ ദേശീയവാദികളെയും ഇടതുപക്ഷ ചായ്‌വുള്ള ബുദ്ധിജീവികള്‍ ഇവര്‍ക്ക് കീഴടങ്ങിയെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.
‘ലവ് ജിഹാദ് പോലെ ലാന്‍ഡ് ജിഹാദും നമ്മുടെ സ്വത്വത്തിന് നേരെയുള്ള ആക്രമണമാണ്. നിര്‍മാണ വ്യവസായ മേഖലകളിലേക്കും ടാക്‌സി സര്‍വീസുകളിലേക്കും കോടതികളിലേക്കും വരെ അവര്‍ നുഴഞ്ഞുകയറിയിരിക്കുകയാണ്. അഞ്ജാതരായ അത്തരം ആളുകള്‍ക്ക് നിങ്ങളുടെ ഭൂമി വില്‍ക്കുകയോ വീട് വാടകക്ക് നല്‍കുകയോ ചെയ്യരുത്. അങ്ങനെ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്താല്‍ ആ അപകടത്തെ നമുക്ക് അകറ്റിനിര്‍ത്താനാകും,’ ഹിമന്ത പറഞ്ഞു.