എനിക്ക് ഏറ്റവും പേടിയുള്ള സംവിധായകന്‍; അദ്ദേഹം സംവിധാനം ചെയ്യുമ്പോള്‍ ക്യാമറക്ക് മുമ്പില്‍ നില്‍ക്കാന്‍ പേടിയാണ്: ആസിഫ് അലി
Entertainment
എനിക്ക് ഏറ്റവും പേടിയുള്ള സംവിധായകന്‍; അദ്ദേഹം സംവിധാനം ചെയ്യുമ്പോള്‍ ക്യാമറക്ക് മുമ്പില്‍ നില്‍ക്കാന്‍ പേടിയാണ്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th May 2025, 11:37 am

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ സിബി മലയലിനൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 ല്‍ പുറത്തിറങ്ങിയ കൊത്ത്, 2011 ല്‍ വന്ന വയലിന്‍, അപൂര്‍വരാഗം, ഉന്നം എന്നീ സിബി മലയില്‍ ചിത്രങ്ങളില്‍ ആസിഫ് അലി നായക വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ സിബി മലയലിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.

തനിക്ക് ഏറ്റവും പേടിയുള്ള സംവിധായകന്‍ സിബി മലയില്‍ ആണെന്ന് ആസിഫ് അലി പറയുന്നു. മലയാള സിനിമയില്‍ ഒട്ടനവധി മികച്ച സിനിമകള്‍ നല്‍കിയ സംവിധായകനാണ് സിബി മലയിലെന്നും മോഹന്‍ലാല്‍ എന്ന ആക്ടറുടെ നിരവധി മികച്ച സിനിമകള്‍ ചെയ്ത സംവിധായകനാണ് അദ്ദേഹമെന്നും ആസിഫ് അലി പറയുന്നു.

തനിക്ക് അദ്ദേഹം സംവിധാനം ചെയ്യുമ്പോള്‍ ക്യാമറയുടെ മുമ്പില്‍ പോയി നില്‍ക്കുന്നത് വളരെ പേടിയുള്ള കാര്യമാണെന്നും താന്‍ ഒരു ഫാദര്‍ലി ഫിഗറായിട്ട് എപ്പോഴും കാണുന്ന സംവിധായകനാണ് സിബി മലയില്‍ എന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ആസിഫ്.

‘എനിക്ക് ഏറ്റവും പേടിയുണ്ടായിരുന്ന സംവിധായകന്‍ സിബി മലയില്‍ ആയിരുന്നു. മലയാളികളുടെ സിനിമ അനുഭവം എടുത്തുനോക്കി കഴിഞ്ഞാല്‍, അതില് ഏറ്റവും അധികം മികച്ച സിനിമകള്‍ എന്ന് നമ്മള്‍ പറയുന്നവ ചെയ്ത ഒരു സംവിധായകനാണ് അദ്ദേഹം. ലാലേട്ടന്റെ കൂടെ ഒരുപാട് നല്ല സിനിമകള്‍ ചെയ്ത ഒരു സംവിധായകന്‍ കൂടിയാണ് അദ്ദേഹം.

അദ്ദേഹം സംവിധാനം ചെയ്യുമ്പോള്‍ ക്യാമറയുടെ മുമ്പില്‍ പോയി നില്‍ക്കുന്നത് ഏറ്റവും പേടിയുള്ള ഒരു കാര്യമായിരുന്നു എനിക്ക്. ഏറ്റവും ബഹുമാനത്തോട് കൂടെ ഒരു ഫാദര്‍ലി ഫിഗറായിട്ട് ഞാന്‍ എന്നും കാണുന്ന ഒരാളാണ് സിബി മലയില്‍ സാര്‍,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif ali talks about Sibi malayil