1001 നുണകള്‍ എന്ന സിനിമക്ക് ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് സര്‍ക്കീട്ട്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ചിക്കുന്ന സര്‍ക്കീട്ടില്‍ ആസിഫ് അലിയും ദീപക് പറമ്പോലും ദിവ്യ പ്രഭയും ഓര്‍ഹാന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.
അമീര്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കീട്ട് എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. സംവിധായകന്‍ താമാറിന്റെ ആദ്യ സിനിമയായ 1001 നുണകള്‍ എന്ന ചിത്രം ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് കണ്ടതെന്നും കണ്ടു കഴിഞ്ഞപ്പോള്‍ ഭയങ്കര ഇഷ്ടമായെന്നും ആസിഫ് പറയുന്നു.
താമറിന്റെ അടുത്ത് 1001 നുണകള്‍ കണ്ടകാര്യം പറയാന്‍ ഇന്‍സ്റ്റഗ്രാം വഴി നമ്പര്‍ തേടിപ്പിടിച്ചെന്നും ആസിഫ് പറഞ്ഞു. താമറിനെ പരിചയപ്പെട്ട് കഴിഞ്ഞപ്പോള്‍ തനിക്ക് പറ്റിയ വേഷമുണ്ടെങ്കില്‍ പറയണമെന്ന് പറഞ്ഞെന്നും അങ്ങനെ ചോദിച്ചുവാങ്ങിയ കഥയാണ് സര്‍ക്കീട്ടിന്റേതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘താമറിന്റെ ആദ്യ സിനിമയായ ‘ആയിരത്തൊന്ന് നുണകള്‍’ ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് കണ്ടത്. കഥയെന്താണെന്നോ സംവിധായകന്‍ ആരാണെന്നോ എന്നൊന്നും അറിയാതെയാണ് ആ സിനിമ കണ്ടത്. കണ്ടു കഴിഞ്ഞപ്പോള്‍ ഭയങ്കര ഇഷ്ടമായി. ഓരോ രംഗവും ആസ്വദിച്ചാണ് കണ്ടത്.
സിനിമയെക്കുറിച്ച് പറയാന്‍ ഇന്‍സ്റ്റഗ്രാം വഴി നമ്പര്‍ തേടിപ്പിടിച്ചാണ് താമിറിനെ വിളിക്കുന്നത്. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് പറ്റിയ എന്തെങ്കിലും കഥകളുണ്ടെങ്കില്‍ നമുക്കൊന്നിച്ചൊരു സിനിമ ചെയ്യാമെന്ന് അങ്ങോട്ട് പറയു കയായിരുന്നു. അങ്ങനെ ചോദിച്ചുവാങ്ങിയ കഥയാണ് സര്‍ക്കീട്ടിന്റേത്,’ ആസിഫ് അലി പറയുന്നു.