സ്വാഗില്‍ എല്ലാവര്‍ക്കും ഇഷ്ടം രജിനി സാറിനെ; ഞാന്‍ ആരാധിക്കുന്ന നടന്‍ മറ്റൊരാള്‍: ആസിഫ് അലി
Entertainment
സ്വാഗില്‍ എല്ലാവര്‍ക്കും ഇഷ്ടം രജിനി സാറിനെ; ഞാന്‍ ആരാധിക്കുന്ന നടന്‍ മറ്റൊരാള്‍: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 1:23 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ഈയിടെയായി മികച്ച സിനിമകള്‍ നല്‍കുന്ന നടന്മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഋതുവെന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ആസിഫ് ഇപ്പോള്‍ സിനിമയില്‍ എത്തിയിട്ട് 16 വര്‍ഷത്തോളമായി.

കമല്‍ ഹാസന്‍ എന്ന നടനില്‍ നിന്നാണ് അഭിനയ മോഹം തനിക്കുണ്ടായതെന്ന് ആസിഫ് അലി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കമല്‍ ഹാസന്റെ സിനിമകളെ പറ്റി പറയുകയാണ് ആസിഫ് അലി.

‘കമല്‍ ഹാസന്‍ സാറിന്റെ സിനിമകള്‍ എന്നെ അട്രാക്ട് ചെയ്യാന്‍ കാരണം സാര്‍ അദ്ദേഹത്തിന്റെ ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന എഫേര്‍ട്ടാണ്. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും, ഓരോന്നിനും ഒരു ഐഡന്റിറ്റിയുണ്ട്.

കൊമേഴ്ഷ്യല്‍ സിനിമ ചെയ്യുമ്പോള്‍ പോലും അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രത്യേക ഐഡന്റിറ്റിയുള്ളതായി കാണാം. അതിന് ഉദാഹരണമാണ് അവൈ ഷണ്‍മുഖി. അതൊരു പക്കാ കൊമേഴ്ഷ്യല്‍ സിനിമയാണ്. പക്ഷെ ആ കഥാപാത്രത്തിന് വേണ്ടി അദ്ദേഹമിട്ട എഫേര്‍ട്ട് വളരെ വലുതാണ്. അത് വളരെ യുണീക്കുമാണ്.

കമല്‍ സാറിന്റെ ഓരോ കഥാപാത്രവും അത്തരത്തില്‍ ഉള്ളതാണ്. രജിനി സാറിന്റെ സിനിമകളും ഞാന്‍ കാണാറുണ്ട്. അദ്ദേഹത്തിന്റെ ബാഷ എന്ന സിനിമ ഒരു സൂപ്പര്‍സ്റ്റാര്‍ പടത്തിന്റെ ഏറ്റവും സേഫസ്റ്റ് ഫോര്‍മുലയാണ്.

ഇപ്പോളും മലയാളത്തിലൊക്കെ ഈ ഫോര്‍മുലയില്‍ ഒരുപാട് സിനിമകള്‍ വരുന്നുണ്ട്. സ്റ്റൈലിന്റെ കാര്യത്തില്‍ മാസ് കൊമേര്‍ഷ്യല്‍ ഓഡിയന്‍സിന് രജിനികാന്തിന്റെ സ്വാഗാണ് ഇഷ്ടം. പക്ഷെ ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ എപ്പോഴും ആരാധിക്കുന്നത് കമല്‍ സാറിനെയാണ്,’ ആസിഫ് അലി പറയുന്നു.


Content Highlight: Asif Ali Talks About Rajinikanth And Kamal Haasan