ആ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ ക്രിസ്റ്റഫര്‍ നോളന്‍ ടൈപ്പ് ആണെന്ന് തോന്നി: ആസിഫ് അലി
Entertainment
ആ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ ക്രിസ്റ്റഫര്‍ നോളന്‍ ടൈപ്പ് ആണെന്ന് തോന്നി: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th January 2025, 8:33 pm

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് കിഷ്‌ക്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലര്‍ ഡ്രാമയെന്ന ഴോണറില്‍ എത്തിയ സിനിമ മലയാളത്തിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നുതന്നെയാണ്.

ഒരു റിസര്‍വ്ഡ് ഫോറസ്റ്റിന് അടുത്ത് താമസിക്കുന്ന റിട്ടയേര്‍ടഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പു പിള്ളയുടെയും വനം വകുപ്പ് ജീവനക്കാരനായ അയാളുടെ മകന്‍ അജയചന്ദ്രന്റെയും കഥയാണ് ഈ സിനിമ പറയുന്നത്. ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കിഷ്‌ക്കിന്ധാ കാണ്ഡം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് തന്നോട് കഥ പറഞ്ഞപ്പോള്‍ ഇതൊരു ക്രിസ്റ്റഫര്‍ നോളന്‍ ടൈപ്പ് തിരക്കഥയാണെന്നാണ് താന്‍ പറഞ്ഞതെന്ന് ആസിഫ് അലി പറയുന്നു.

കഥ കേട്ടപ്പോള്‍ തനിക്കുണ്ടായ അതേ ആകാംക്ഷ തന്നെ സിനിമയുടെ മൊത്തം പ്രോസസിലും ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രം വളരെ നല്ലൊരു സിനിമയായിരുന്നു. സ്‌ക്രിപ്റ്റ് വായിക്കുന്ന ദിവസം മുതല്‍ എനിക്ക് ആ സിനിമയോട് എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. എന്റെ അടുത്തേക്ക് ബാഹുല്‍ കഥ പറയുമ്പോള്‍ ഓരോ സീനും ഞാന്‍ അത്രയും ആകാംക്ഷയോടെയാണ് കേട്ടുകൊണ്ടിരുന്നത്.

അവന്‍ കഥയെല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ എടാ, ഇതൊരു ക്രിസ്റ്റഫര്‍ നോളന്‍ ടൈപ്പ് തിരക്കഥയാണെന്നാണ് ഞാന്‍ ബാഹുലിനോട് പറഞ്ഞത്.

അത് കഴിഞ്ഞ് ഈ സിനിമയുടെ മൊത്തം പ്രോസസിലും മറ്റും എനിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ആ സിനിമയുടെ ജാതകം മാറ്റിയത് ഒരു ഫെസ്റ്റിവല്‍ സീസണില്‍, ഓണത്തിന് തിയേറ്ററുകളില്‍ ഇറക്കാം എന്ന് തീരുമാനിച്ചതുകൊണ്ടാണ്.

അല്ലെങ്കില്‍ കുറെ കാലം കഴിയുമ്പോള്‍ ആളുകള്‍ അയ്യോ ഇതൊരു നല്ല സിനിമയാണല്ലോ, എന്തുകൊണ്ട് ഇത് തിയേറ്ററില്‍ ഓടിയില്ല, എന്തുകൊണ്ട് ഇത് നേരത്തെ കണ്ടില്ല എന്ന ചോദ്യം വന്നേനെ,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Kishkindha Kaandam Movie