എന്നെ പറ്റി പറയുമ്പോള്‍ ഇപ്പോഴും എല്ലാവര്‍ക്കും ഓര്‍മ വരുന്നത് ആ സിനിമയാണ്: ആസിഫ് അലി
Entertainment
എന്നെ പറ്റി പറയുമ്പോള്‍ ഇപ്പോഴും എല്ലാവര്‍ക്കും ഓര്‍മ വരുന്നത് ആ സിനിമയാണ്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th May 2025, 4:47 pm

മലയാളത്തിലെ പ്രിയ നടന്‍മാരിലൊരാളാണ് ആസിഫ് അലി. ചുരുങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറാന്‍ ആസിഫ് അലിക്ക് സാധിച്ചിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.

ലാല്‍ ജൂനിയര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഹണി ബീ. ഭാവന, ആസിഫ് അലി, ലാല്‍, ബാബുരാജ്, ശ്രീനാഥ് ഭാസി, അര്‍ച്ചന കവി, ബാലു വര്‍ഗീസ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഹണി ബീയില്‍ ഉണ്ടായിരുന്നത്. സിനിമയില്‍ സെബാന്‍ എന്ന സെബാസ്റ്റ്യന്‍ ആയിട്ടാണ് ആസിഫ് അലി എത്തിയത്.

ഇപ്പോള്‍ ഹണി ബീ യെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ഹണി ബീ യുടെ ലൊക്കേഷന്‍ ആ സിനിമ പോലെ തന്നെ ഫണ്‍ ആയിരുന്നുവെന്നും ഒരു വെക്കേഷന്‍ മൂഡ് പോലെയായിരുന്നുവെന്നും ആസിഫ് അലി പറയുന്നു.

തന്റെ അടുത്ത സുഹൃത്തും ഏറെ പ്രിയപ്പെട്ട കോ സ്റ്റാറുമായ ഭാവന സിനിമയിലുണ്ടായിരുന്നുവെന്നും അതു കൂടാതെ ഒരുപാട് സുഹൃത്തുക്കളെ തനിക്ക് ആ സിനിമയിലൂടെ കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16 വര്‍ഷത്താേളം സിനിമകള്‍ ചെയ്തിട്ടും ഇപ്പോളും തന്നെ പറ്റി പറയുമ്പോള്‍ ഹണി ബീയാണ് എല്ലാവര്‍ക്കും ഓര്‍മ വരുന്നതെന്നും ആസിഫ് അലി പറഞ്ഞു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ആ സിനിമയുടെ ലൊക്കേഷന്‍ ആ സിനിമ പോലെ തന്നെ ഭയങ്കര ആഘോഷമുള്ള ഒരു ലൊക്കേഷനാണ്. ഒരു വെക്കേഷന്‍ മൂഡ് തന്നെയാണ്. പിന്നെ എന്റെ ഏറ്റവും അടുത്ത് സുഹൃത്തും എന്റെ ഏറ്റവും പ്രിയപ്പെട്ട കോ സ്റ്റാറുമായ ഭാവന ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ഹണി ബീ. ഒഴി മുറി ആയിരുന്നു ആദ്യം ചെയ്തത്. അതിന് ശേഷം ഒന്നിച്ചത് ഈ സിനിമയിലായിരുന്നു.

അങ്ങനെ ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അതുപോലെ ബാബു ഏട്ടനാണെങ്കിലും ആംബ്രോ എന്ന് പറയുന്ന ക്യാരക്ടര്‍, ബാലു, അങ്ങനെ ഒത്തിരി നല്ല സുഹൃത്തുക്കളെയും ഒരുപാട് നല്ല ബന്ധങ്ങളും കിട്ടിയ സിനിമയായിരുന്നു അത്. ഞാന്‍ 16 വര്‍ഷമായിട്ട് ഇത്രയും സിനിമകള്‍ ചെയ്തിട്ടും എന്നെ പറ്റി പറയുമ്പോള്‍ ആദ്യം ആളുകള്‍ക്ക് ഓര്‍മ വരുന്നത് ഹണി ബീയാണ്,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali talks  about Honey Bee