മോശമാണെന്ന് പറയുന്നില്ല; എങ്കിലും ആ സിനിമകള്‍ എനിക്ക് ഒഴിവാക്കാമായിരുന്നു: ആസിഫ് അലി
Entertainment
മോശമാണെന്ന് പറയുന്നില്ല; എങ്കിലും ആ സിനിമകള്‍ എനിക്ക് ഒഴിവാക്കാമായിരുന്നു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th January 2025, 11:25 am

കരിയറില്‍ വിജയവും പരാജയവും ഒരുപോലെ നേരിട്ടിട്ടുള്ള നടനാണ് ആസിഫ് അലി. എന്നാല്‍ കഴിഞ്ഞ കുറച്ച് സിനിമകളിലൂടെ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഏറെ പ്രശംസ വാങ്ങാന്‍ ആസിഫിന് സാധിക്കുന്നുണ്ട്.

തന്റെ കൂടെ വന്ന ആക്ടേഴ്‌സും സമപ്രായക്കാരായ ആളുകളും തന്നെ ഒരുപാട് ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് ആസിഫ് അലി. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എന്റെ കൂടെ വന്ന ആക്ടേഴ്‌സും എന്റെ സമപ്രായക്കാരായ ആളുകളും സത്യത്തില്‍ എന്നെ ഒരുപാട് ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു സമയത്ത് സ്വയം കുറേ തീരുമാനങ്ങള്‍ എടുത്തിരുന്നു.

അതായത് ചെയ്യുന്ന സിനിമകള്‍ കുറച്ചും കൂടെ ശ്രദ്ധിക്കണം. അതിന്റെ സ്‌ക്രിപ്റ്റിങ്ങില്‍ ശ്രദ്ധിക്കണം. ആ സിനിമയിലേക്ക് വരുന്ന ടീമിനെ ശ്രദ്ധിക്കണം. ടെക്‌നീഷ്യന്‍സിനെ ശ്രദ്ധിക്കണം.

ആ തീരുമാനം എടുത്ത സമയത്ത് പോലും കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകള്‍ ഉണ്ടായിരുന്നു. അത് മോശം സിനിമകള്‍ ആണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ആ സിനിമകള്‍ ഒഴിവാക്കാമായിരുന്ന സിനിമകളായിരുന്നു.

അതിന് ശേഷം തെരഞ്ഞെടുത്ത സിനിമകളുടെ തിയേറ്റര്‍ റിസള്‍ട്ട് എന്താകുമെന്ന് അറിയില്ലായിരുന്നു. പക്ഷെ മിനിമം ഗ്യാരണ്ടിയുള്ള സബ്‌ജെക്ടായിരുന്നു. അതാണ് ഇപ്പോള്‍ ഇറങ്ങുന്നത്. ആ സിനിമകള്‍ ബാക്ക് ടു ബാക്ക് വരികയും വിജയമാവുകയും ചെയ്തു.

തലവന്‍ എന്ന സിനിമ അതിന് മുമ്പത്തെ വര്‍ഷം ഇറങ്ങിയ സിനിമ വെച്ച് നോക്കുമ്പോള്‍ ഓപ്പണിങ് വരെ വളരെ മോശമായിരുന്നു. പ്രേക്ഷകര്‍ക്ക് ആ സിനിമയില്‍ ഒരു പ്രതീക്ഷയില്ലാഴ്മ ഉണ്ടായിരുന്നു. പക്ഷെ സിനിമ തിയേറ്ററില്‍ ഇറങ്ങി ആദ്യ ദിവസം തന്നെ നല്ല അഭിപ്രായം വന്നുതുടങ്ങി.

അതോടെ കൂടുതല്‍ ആളുകള്‍ തിയേറ്ററിലേക്ക് വന്നു. ലെവല്‍ ക്രോസ് ആണെങ്കില്‍ തിയേറ്ററില്‍ അത്ര വലിയ റെസ്‌പോണ്‍സ് വരുന്ന സിനിമ ആകില്ലെന്ന ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു. എങ്കിലും ആ സിനിമക്ക് നല്ല അഭിപ്രായമായിരുന്നു വന്നത്. ഒ.ടി.ടിയില്‍ വന്നപ്പോള്‍ ഒരു പാന്‍ ഇന്ത്യന്‍ റീച്ചും വന്നു,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali Talks About His Movies