കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കാണികള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് ഒരുപാട് റിലേറ്റബിള്‍ ആയി തോന്നുന്ന കഥാപാത്രങ്ങള്‍ അദ്ദേഹം സിനിമയില്‍ ചെയ്തിട്ടുണ്ട്. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അനുരാഗ കരിക്കിന്‍ വെള്ളം അങ്ങനെ നിരവധി ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്.
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കീട്ട്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ആയിരത്തൊന്ന് നുണകള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ താമര്‍ ഒരുക്കുന്ന ചിത്രമാണ് ഇത്. ദുബായ് ജീവിതത്തെ പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ പറയുന്നത് ചിത്രത്തിന്റെ ട്രെയ്ലര്‍ ഇറങ്ങിയത് മുതല്‍ മികച്ച പ്രതികരണമായിരുന്നു അതിന് ലഭിച്ചത്. ആസിഫിനൊപ്പം സിനിമയില്‍ ഉടനീളം വേഷമിടുന്നത് ബാലതാരമായ ഓര്‍ഹാന്‍ ആണ്.
ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ സിനിമയായ സര്‍ക്കീട്ടിനെ കുറിച്ചും പ്രേക്ഷകര്‍ക്ക് തന്റെ കഥാപാത്രങ്ങള്‍ റിലേറ്റബിള്‍ ആയി തോന്നുന്നതിനെ കുറിച്ചും സംസാരിക്കുകയാണ്. ആസിഫ് അലി.
ദുബായില്‍ സെറ്റില്‍ഡായി ജീവിച്ച ആളുകള്‍ക്ക് സര്‍ക്കീട്ട് റിലേറ്റബിള്‍ ആയിരിക്കുമെന്നും എത്രത്തോളം കഷ്ടപെട്ടാണ് ആളുകള്‍ അവിടെ ജീവിക്കുന്നതെന്ന് മറ്റുള്ളവര്‍ക്ക് സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും ആസിഫ് അലി പറയുന്നു. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ദുബായില്‍ ജീവിച്ചവരാണെന്നും അതുകൊണ്ട് തന്നെ അവിടുത്തെ ഒരു ലൈഫ് സ്റ്റൈല്‍ നന്നായി സിനിമയില്‍ കാണിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.
തന്റെ കഥാപാത്രങ്ങള്‍ എപ്പോഴും കാണികള്‍ക്ക് റിലേറ്റബിള്‍ ആയി തോന്നാറുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ജോലി കിട്ടാത്ത ഒരു അലസനായ യുവാവായാണ് മലയാളികളുടെ കാഴ്ച്ചപ്പാടില്‍ താനെന്നും അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ആസിഫ്.
‘ദുബായില്‍ പോയ ആളുകള്‍ക്ക് അറിയാന്‍ പറ്റും, അല്ലെങ്കില്‍ സിനിമ റിലേറ്റബിള്‍ ആയിരിക്കും. ഇവിടുന്ന് ദുബായില്‍ പോയിട്ട് ദുബായില്‍ ആണെന്നുള്ള പേരുമുണ്ട്. പക്ഷേ അതിജീവനത്തിന് വേണ്ടി എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് ഈ സിനിമ കാണുമ്പോള്‍ മനസിലാകും. അത് പോലെയുള്ള ഒരുപാട് ആളുകളെ അവിടെ കാണാന്‍ നമുക്ക് കാണാന്‍ പറ്റും.
ഷൂട്ടിങ്ങിന്റെ ഭാഗമായിട്ട് അവിടെ വന്ന ഒരുപാട് പേരുണ്ട്. നമ്മള്‍ ഉപയോഗിച്ചിരുന്ന കാര്‍ ഡ്രൈവ് ചെയ്ത പയ്യനുണ്ട്. അവന്‍ മൂന്നാമത്തെ വിസിറ്റിങ് വിസയില്‍ വന്ന് ജോലി അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങനത്തെ ഒത്തിരി ആളുകളെ അവിടെ കാണാന്‍ പറ്റും. ഭയങ്കര റിലേറ്റബിള്‍ ആയിരുന്നു.
ഇതിന്റെ മൊത്തം ഡയറക്ഷന്‍ ടീം ദുബായ് ബേയ്‌സ്ഡായിട്ടുളള ആള്‍ക്കാരാണ്. ഇവര്‍ക്കെല്ലാവര്‍ക്കും നമ്മള്‍ ഇവിടുന്ന് പോയി പറയുന്നതിനേക്കാള്‍ ആധികാരികമായിട്ട് അവിടുത്തെ ഒരു ലൈഫ് സ്റ്റെലും സ്ട്രഗിളും കാണിക്കാന്‍ പറ്റിയിട്ടുണ്ട്. പിന്നെ ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ആളുകള്‍ക്ക് അത് റിലേറ്റബിള്‍ ആയിട്ട് തോന്നുന്നുണ്ട്. കാരണം എനിക്ക് ഇപ്പോഴും ഒരു ജോലി കിട്ടിയിട്ടില്ല. (ചിരി) മലയാളികളുടെ കാഴ്ചപ്പാടില്‍ ഞാന്‍ ഇപ്പോഴും അലസനായ ഒരു യുവാവാണ്,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali talks about his latest film, Sarkeet, and how the audience finds his characters relatable.