അവന്‍ നല്ല പണിക്കാരനാണ്; സിനിമയോടുള്ള അവന്റെ പാഷന്‍ എനിക്ക് ഇഷ്ടമായി: ആസിഫ് അലി
Entertainment
അവന്‍ നല്ല പണിക്കാരനാണ്; സിനിമയോടുള്ള അവന്റെ പാഷന്‍ എനിക്ക് ഇഷ്ടമായി: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th April 2025, 9:06 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി.

നവാഗതനായ സേതുനാഥ് പദ്മകുമാര്‍ ആണ് ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മഹാവീര്യര്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ അസിസ്റ്റന്റായി സേതുനാഥ് പ്രവര്‍ത്തിച്ചിരുന്നു.

ആ സിനിമയില്‍ ആസിഫ് അലിയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ സേതുനാഥ് പദ്മകുമാറിനെ കുറിച്ചും താന്‍ ആദ്യന്തര കുറ്റവാളിയിലേക്ക് എത്തിയതിനെ കുറിച്ചും പറയുകയാണ് ആസിഫ് അലി. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘നമ്മള്‍ ഒരാളെ ആദ്യം തന്നെ കാണുമ്പോള്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. സേതുവിനെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഒന്നാമത്തെ കാര്യം ആള്‍ നല്ല പണിക്കാരനാണ്.

മഹാവീര്യര്‍ ഷൂട്ട് ചെയ്യുമ്പോഴാണ് ആദ്യമായി ഞാന്‍ സേതുവിനെ കാണുന്നത്. സിനിമയില്‍ കോര്‍ട്ട് റൂം സീക്വന്‍സായിരുന്നു കേരളത്തില്‍ ഷൂട്ട് ചെയ്തത്. അവിടെയാണ് സേതു ജോയിന്‍ ചെയ്യുന്നത്.

ഒരുപാട് ആര്‍ട്ടിസ്റ്റും ഒരുപാട് ക്രൗഡുമുള്ള സ്ഥലമായിരുന്നു അത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരായ ആളുകള്‍ ഒരുപാട് ഉണ്ടായിരുന്നു. ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്ന ഒരു ഷൂട്ടായിരുന്നു കോര്‍ട്ട് റൂമിലേത്.

വേറെ ആളുകളുടെ ഭാഗം ഷൂട്ട് ചെയ്യുമ്പോള്‍ സീനിയേഴ്‌സായ ആക്ടേഴ്‌സ് പോലും പല ദിവസങ്ങളായി വെറുതെ ഇരിക്കണമായിരുന്നു. ആ പ്രശ്‌നങ്ങളൊക്കെ കൈകാര്യം ചെയ്തതും ഒരു പരിധിവരെ ആളുകളുടെ ഡയലോഗുകളില്‍ സപ്പോര്‍ട്ട് ചെയ്തതും സേതു ആയിരുന്നു.

അവന്‍ സിനിമയോട് കാണിക്കുന്ന ആ പാഷന്‍ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അതാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ച കാര്യം. ആദ്യന്തര കുറ്റവാളിയെന്ന സിനിമയുമായി എന്റെ അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ അത് സ്വീകരിച്ചത് അതുകൊണ്ടായിരുന്നു,’ ആസിഫ് അലി പറയുന്നു.


Content Highlight: Asif Ali Talks About Director Of Abhyanthara Kuttavali Movie