എനിക്ക് മാത്രമല്ല പല അഭിനേതാക്കൾക്കും മനസിലാകാത്ത കാര്യം അതാണ്; അതൊരു ഉത്തരമില്ലാ ചോദ്യം: ആസിഫ് അലി
Entertainment
എനിക്ക് മാത്രമല്ല പല അഭിനേതാക്കൾക്കും മനസിലാകാത്ത കാര്യം അതാണ്; അതൊരു ഉത്തരമില്ലാ ചോദ്യം: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th June 2025, 8:30 pm

മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ സജീവമാണ് ആസിഫ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.

പിന്നീട് ആസിഫിൻ്റെ കരിയറിൽ പരാജയങ്ങൾ സംഭവിച്ചുവെങ്കിലും അതിനെ മറികടന്ന വർഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു.

അദ്ദേഹം അഭിനയിച്ച സർക്കീട്ട് എന്ന സിനിമ മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചുവെങ്കിലും ചിത്രം വാണിജ്യവിജയമായിരുന്നില്ല. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.

എല്ലാ സിനിമയും കൊമേഷ്യലി വിജയമാകണമെന്ന് പറയാൻ സാധിക്കില്ലെന്നും നല്ല സിനിമകൾ ചെയ്യണമെന്നും ആസിഫ് അലി പറഞ്ഞു.

വിജയിക്കുന്ന സിനിമകള്‍ തിയേറ്ററിൽ വന്ന് കാണാൻ മറ്റെന്തെങ്കിലും കാരണമുള്ള സിനിമായിരിക്കുമെന്നും ചില സിനിമകൾ തിയേറ്ററിൽ കാണാൻ പോകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകാത്ത കാര്യമാണെന്നും നടൻ പറയുന്നു.

അതൊരു ഉത്തരമില്ലാത്ത ചോദ്യമാണെന്നും നല്ല സിനിമകൾ ചെയ്യാനാണ് ശ്രമിക്കാൻ പറ്റുള്ളുവെന്നും ആളുകൾ സിനിമ കാണുന്നത് കുറച്ച് പണിയാണെന്നും നടൻ കൂട്ടിച്ചേർത്തു.

‘എല്ലാ സിനിമയും കൊമേഷ്യലി വിജയിക്കണമെന്ന് പറയാന്‍ സാധിക്കുമോ? നല്ല സിനിമകള്‍ ചെയ്യുക. വിജയിക്കുന്ന സിനിമകള്‍ എന്ന് പറയുമ്പോള്‍, ചിലപ്പോള്‍ തിയേറ്ററില്‍ വന്ന് കാണാന്‍ എക്ട്രാ ഫാക്ടേഴ്‌സ് ഉള്ള സിനിമയായിരിക്കും.

ശരിക്കും എനിക്ക് എന്നല്ല ഒരു ആക്ടേഴ്‌സിനും മനസിലാകാത്ത കാര്യമാണ്, പല സമയത്തും ചില സിനിമകള്‍ എന്തുകൊണ്ടാണ് കാണാന്‍ പ്രിഫര്‍ ചെയ്യാത്തത് എന്നുള്ളത്. അതൊരു ഉത്തരമില്ലാത്ത ചോദ്യമാണ്. നല്ല സിനിമ ചെയ്യാനാണ് നമുക്ക് ശ്രമിക്കാന്‍ പറ്റുകയുള്ളു. ആളുകള്‍ കാണുക എന്നുള്ളത് കുറച്ച് പണിയാണ്,’ ആസിഫ് അലി പറയുന്നു. ആഭ്യന്തര കുറ്റവാളിയാണ് ആസിഫ് അലിയുടെ പ്രദർശനത്തിനെത്തിയ സിനിമ.

Content Highlight: Asif Ali Talking about Sarkeet Movie