ആമിര്‍ ഖാന്റെ ആ സിനിമ കണ്ടപ്പോള്‍ എന്റെ ബിയോപിക് പോലെയാണ് തോന്നിയത്: ആസിഫ് അലി
Asif Ali
ആമിര്‍ ഖാന്റെ ആ സിനിമ കണ്ടപ്പോള്‍ എന്റെ ബിയോപിക് പോലെയാണ് തോന്നിയത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th July 2025, 10:29 am

2007ല്‍ പുറത്തിറങ്ങിയ മനോഹരമായ ഹിന്ദി ചിത്രമാണ് ‘താരെ സമീന്‍ പര്‍’. ആമിര്‍ ഖാന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വ ഹിച്ചത് അമോല്‍ ഗുപ്തയാണ്. ദര്‍ശീല് സഫാരി എന്ന ബാലതാരത്തിന്റെ മികച്ച പ്രകടനം കണ്ട ചിത്രം കൂടിയാണിത്. ഇന്നും സിനിമ പ്രേമികളുടെ മനസില്‍ ഒരു പ്രത്യേക സ്ഥാനം താരെ സമീന്‍ പറിനുണ്ട്.

ഇപ്പോള്‍ താരെ സമീന്‍ പര്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി. ആ സിനിമ കണ്ടപ്പോള്‍ തനിക്ക് തന്റെ ബിയോപിക് പോലെയാണ് തോന്നിയതെന്നും കാരണം താനും ബോര്‍ഡിങ്ങില്‍ നിന്നാണ് പഠിച്ചതെന്നും അദ്ദേഹം പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഞാന്‍ സ്‌കൂള്‍ മുതല്‍ ബോര്‍ഡിങ്ങില്‍ നിന്ന ഒരാളാണ്. ഞാന്‍ ഇപ്പോഴും പറയും ഈ അമോല്‍ ഗുപ്ത എന്ന് പറയുന്ന ആള്‍ ബോര്‍ഡിങ്ങില്‍ നിന്ന് വളര്‍ന്ന ഒരാളായിരിക്കും. അല്ലാതെ ഒരാള്‍ക്കും അങ്ങനെ ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ കഴിയില്ല. കാരണം ഞങ്ങള്‍ എല്ലാവരും കരയാന്‍ വേണ്ടി പോകുന്ന സ്ഥലമാണ് വാഷ് ബെയ്സിന്‍ ഇരിക്കുന്ന റൂം.

വാഷ് ബെയ്‌സിന്‍ ഇരിക്കുന്ന റൂമില്‍ എന്തിനാ പോകുന്നതെന്ന് ചോദിച്ചാല്‍ അവിടെ പെട്ടന്ന് ആരെങ്കിലും വന്നാല്‍ മുഖം കഴുകാം. അവിടെ ചെറിയൊരു നാടകവും സീരിയലും എല്ലാം നടക്കുന്ന സ്ഥലമാണ്. നമ്മള്‍ ഒറ്റക്കുപോയി വിഷമങ്ങള്‍ പറയുന്നതും കരയുന്നതുമെല്ലാം അവിടെയാണ്. ഷൂസ് ഇടുന്നത്, ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടുന്നത്, എല്ലാം ഞങ്ങള്‍ ആദ്യമായി ബോര്‍ഡിങ്ങില്‍ പോയപ്പോള്‍ ഫേസ് ചെയ്തതാണ്.

താരേ സമീന്‍പര്‍ കാണുമ്പോള്‍ ഒരിടക്ക് അത് എന്റെ ബിയോപിക് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അനിയനുണ്ടായിക്കഴിഞ്ഞ് അവന്‍ ഒരു രണ്ടാം ക്ലാസ്സിലേക്കൊക്കെ എത്തിയപ്പോഴാണ് എന്നെ ആദ്യമായി ബോര്‍ഡിങ്ങിലേക്ക് മാറ്റുന്നത്.

അപ്പോള്‍ സ്വാഭാവികമായും എന്റെ ചിന്ത പാരന്റ്‌സിന് എന്നോടുള്ള ഇഷ്ടം കുറഞ്ഞതുകൊണ്ടാണ് എന്നെ ഹോസ്റ്റലിലേക്ക് ആകുന്നതെന്നാണ്. ഹോസ്റ്റലിലേക്ക് മറ്റുള്ള എല്ലാ മൂത്ത കുട്ടികളും ചിന്തിക്കുന്നത് അങ്ങനെത്തന്നെയായിരിക്കും. നമുക്കെപ്പോഴും നമ്മളെ വീട്ടില്‍ നിന്ന് പറഞ്ഞ് വിട്ടു എന്ന തോന്നലായിരിക്കും ഉണ്ടായിരിക്കുക,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Says He Felt Taare Zameen Par Movie Is Like His Biopic