ഞാന്‍ ഏറ്റവും കൂടുതല്‍ അഹങ്കാരത്തോടെ ചിരിച്ചത് ആ സിനിമയുടെ വിജയത്തിന്റെ സമയത്താണ്: ആസിഫ് അലി
Entertainment
ഞാന്‍ ഏറ്റവും കൂടുതല്‍ അഹങ്കാരത്തോടെ ചിരിച്ചത് ആ സിനിമയുടെ വിജയത്തിന്റെ സമയത്താണ്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th February 2025, 4:34 pm

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം വിജയങ്ങളുടെ ട്രാക്കില്‍ കയറിയ ആസിഫ് അലിയെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത തലവനാണ് ഒരിടവേളക്ക് ശേഷം ആസിഫിന് ഗംഭീരതിരിച്ചുവരവൊരുക്കിയത്. പിന്നാലെ വന്ന ലെവല്‍ക്രോസ്, അഡിയോസ് അമിഗോ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കിഷ്‌കിന്ധാ കാണ്ഡം ഗംഭീരവിജയം സ്വന്തമാക്കി. 70 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്.

ഈ വര്‍ഷം ആസിഫ് അലിയുടെ ആദ്യ തിയേറ്റര്‍ റിലീസായ രേഖാചിത്രവും വന്‍ വിജയമായി മാറിയിരുന്നു. ജനുവരിയില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയമായി മാറിയത് രേഖാചിത്രമായിരുന്നു. ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ജനുവരിയില്‍ റിലീസായ ചിത്രങ്ങളില്‍ രേഖാചിത്രം മാത്രമാണ് വിജയമായതെന്ന് അറിഞ്ഞത് തനിക്ക് സന്തോഷം തരുന്ന കാര്യമാണെന്ന് ആസിഫ് അലി പറഞ്ഞു.

താന്‍ ഏറ്റവും അഹങ്കാരത്തോടെ ചിരിച്ചത് ആ സമയത്തായിരുന്നെന്നും താന്‍ സ്വപ്‌നം കണ്ട സമയായിരുന്നു അതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. തന്റെ കരിയറില്‍ ഏറ്റവും മോശം സമയത്ത് നിന്നപ്പോള്‍ അത്രയും മനോഹരമായൊരു സിനിമ തന്നതിന് ജോഫിനോടും ചിത്രത്തിന്റെ എഴുത്തുകാരോടും നന്ദിയുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

മലയാളത്തിലെ ഏറ്റവും വലിയ സിനിമകളിലൊന്നായ 2018 നിര്‍മിച്ച വേണു കുന്നപ്പള്ളിയാണ് രേഖാചിത്രത്തിന്റെയും നിര്‍മാതാവെന്നും അദ്ദേഹത്തിന് ഇതൊരു ചെറിയ സിനിമയാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്ക് രേഖാചിത്രം വളരെ വലിയൊരു അവസരമായിരുന്നെന്നും അക്കാര്യത്തില്‍ വേണു കുന്നപ്പള്ളിയോടും നന്ദിയുണ്ടെന്ന് ആസിഫ് അലി പറഞ്ഞു. രേഖാചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘2025 ജനുവരിയില്‍ റിലീസായ പടങ്ങളില്‍ രേഖാചിത്രം മാത്രമാണ് ഹിറ്റായതെനന്ന് അറിഞ്ഞപ്പോള്‍ അതെനിക്ക് സന്തോഷം തന്ന കാര്യമാണ്. ഞാന്‍ ഏറ്റവും അഹങ്കാരത്തോടെ ചിരിച്ച സമയമായിരുന്നു അത്. തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ എന്നെ വിശ്വസിച്ച് കൂടെ നിന്ന ജോഫിനോടും ജോണിനോടും രാമുവിനോടും വലിയ നന്ദിയാണ് എനിക്കുള്ളത്.

അതുപോലെ ഈ സിനിമയുടെ നിര്‍മാതാവ് വേണുചേട്ടന്‍. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായിരുന്നു 2018. അതിനനുസരിച്ച് ചിത്രം വിജയിക്കുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ച് രേഖാചിത്രം ചെറിയൊരു സിനിമയാണ്. എന്നാല്‍ എനിക്ക് രേഖാചിത്രം വലിയൊരു അവസരമായിരുന്നു. അതിന് എനിക്ക് വേണുചേട്ടനോടും വലിയ നന്ദിയുണ്ട്,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali says he felt extreme happy when Rekhachithram movie became huge success