മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് സിനിമയിലേക്ക് കാലെടുത്തുവെച്ചത്. വളരെ പെട്ടെന്ന് യുവാക്കള്‍ക്കിടയില്‍ വലിയൊരു ഫാന്‍ബേസ് സൃഷ്ടിക്കാന്‍ ആസിഫിന് സാധിച്ചു. ഇടയ്ക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട താരം കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും മികച്ച സിനിമകളാണ് ആസിഫ് സമ്മാനിച്ചത്.
ഭക്ഷണം കഴിക്കാന്‍ ഒരുപാട് ഇഷ്ടമുള്ളയാളാണ് താനെന്ന് പറയുകയാണ് ആസിഫ് അലി. എപ്പോഴും ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നയാളാണ് താനെന്ന് ആസിഫ് അലി പറഞ്ഞു. എന്നാല്‍ പണ്ട് ആസ്വദിച്ച് കഴിച്ച ഭക്ഷണമെല്ലാം ശരീരത്തില്‍ നിന്ന് കളയാനുള്ള ശ്രമത്തിലാണെന്നും ടിക്കി ടാക്ക എന്ന സിനിമക്ക് വേണ്ടി വലിയ പണിയാണ് എടുക്കുന്നതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
ഭക്ഷണങ്ങളില്‍ അധികം വെറൈറ്റിയൊന്നുമില്ലാത്ത തൊടുപുഴ എന്ന സ്ഥലത്ത് നിന്നാണ് താന്‍ വരുന്നതെന്ന് ആസിഫ് അലി പറയുന്നു. സിനിമയിലെത്തിയതിന് ശേഷമാണ് മലബാര്‍ ഏരിയകളിലുള്ള ഭക്ഷണത്തെക്കുറിച്ച് കൂടുതലായി അറിഞ്ഞതെന്നും ഒരുപാട് കൗതുകകരമായ ഭക്ഷണങ്ങളാണ് മലബാര്‍ ഭാഗത്തുള്ളതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയുള്ള സകല ഭാഗത്തെയും വ്യത്യസ്തമായ ഭക്ഷണങ്ങള്‍ താന്‍ ട്രൈ ചെയ്തിട്ടുണ്ടെന്നും അവിടങ്ങളില്‍ നിന്ന് ലഭിച്ച സ്വീകരണം തനിക്ക് ഇഷ്ടമായെന്നും ആസിഫ് അലി പറഞ്ഞു. നല്ല ഭക്ഷണം കിട്ടുമെന്നറിഞ്ഞ് ഒരുപാട് ദൂരം യാത്ര ചെയ്ത് പോകുന്ന ശീലമുണ്ടെന്നും ആസിഫ് അലി പറയുന്നു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഫുഡ് കഴിക്കുക എന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. നല്ല ഫുഡാണെങ്കില്‍ അത് ആസ്വദിച്ച് കഴിക്കാനാണ് എന്റെ ആഗ്രഹം. പക്ഷേ, പണ്ടൊക്കെ അങ്ങനെ കഴിച്ച ഭക്ഷണം തന്ന പണികളൊക്കെ ഇപ്പോള്‍ ബോഡിയില്‍ നിന്ന് കളഞ്ഞുകൊണ്ടിരിക്കുകയാണ്. ടിക്കി ടാക്ക എന്ന പടത്തിന് വേണ്ടി അമ്മാതിരി പണിയാണ് എടുത്തുകൊണ്ടിരിക്കുന്നത്.
ഞാന്‍ വരുന്നത് തൊടുപുഴയില്‍ നിന്നാണ്. ആ ഭാഗത്ത് അധികം വെറൈറ്റി ഫുഡ് അങ്ങനെ കിട്ടാറില്ല. പിന്നീട് സിനിമയിലെത്തിയപ്പോഴാണ് മലബാര്‍ ഏരിയയിലെ ഭക്ഷണത്തെപ്പറ്റി കേള്‍ക്കുന്നത്. എത്രമാത്രം വെറൈറ്റി ഫുഡാണ് അവിടെയൊക്കെ ഉള്ളത്. കോഴിക്കോടിന് അപ്പുറത്തേക്കുള്ള സകല ഏരിയയിലെയും നല്ല ഭക്ഷണം ഞാന്‍ ട്രൈ ചെയ്തിട്ടുണ്ട്. ഫുഡ് ഉണ്ടാക്കുന്നത് മാത്രമല്ല, അവര്‍ അത് നമുക്ക് തരുന്ന രീതിയും അടിപൊളിയാണ്. നല്ല ഫുഡ് കിട്ടാന്‍ വേണ്ടി ഒരുപട് ദൂരം പോയ അനുഭവമൊക്കെയുണ്ടായിട്ടുണ്ട്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali saying he loves to eat all foods and now he’s avoiding that for Tiki Taka movie