അന്ന് മുരുകന്റെ മുന്നില്‍ കവി, ഇത്തവണ ലൗലജന് മുന്നില്‍ ഡെന്‍വര്‍... 10 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനൊപ്പം ക്ലാഷുമായി ആസിഫ്
Malayalam Cinema
അന്ന് മുരുകന്റെ മുന്നില്‍ കവി, ഇത്തവണ ലൗലജന് മുന്നില്‍ ഡെന്‍വര്‍... 10 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനൊപ്പം ക്ലാഷുമായി ആസിഫ്
അമര്‍നാഥ് എം.
Thursday, 16th July 2026, 10:45 am

ക്ലാഷ് റിലീസുകള് മോളിവുഡില്‍ പുതിയതല്ല. സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള ക്ലാഷും യുവതാരങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഒരുമിച്ച് ഏറ്റുമുട്ടുന്നതുമെല്ലാം സിനിമാപ്രേമികള്‍ക്ക് ആവേശം സമ്മാനിക്കുന്ന കാര്യങ്ങളാണ്. വളരെ അപൂര്‍വമായി മാത്രമാണ് സൂപ്പര്‍ താരങ്ങളും യുവ താരങ്ങളും ബോക്‌സ് ഓഫീസില്‍ ക്ലാഷിനെത്താറുള്ളത്.

ഇത്തരം ക്ലാഷുകളില്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി സൂപ്പര്‍താര സിനിമയെ മലര്‍ത്തിയടിച്ച് യുവതാരങ്ങളുടെ സിനിമ വെന്നിക്കൊടി പാറിക്കാറുണ്ട്. ബോക്‌സ് ഓഫീസില്‍ അധികം തവണ ഏറ്റുമുട്ടിയിട്ടില്ലാത്ത കോമ്പോയാണ് ആസിഫ് അലിയും മോഹന്‍ലാലും. ഇരുവരുടെയും കരിയറെടുത്ത് നോക്കിയാല്‍ ആകെ ഒരൊറ്റ വട്ടമാണ് രണ്ട് പേരുടെയും സിനിമകള്‍ ക്ലാഷിനെത്തിയിട്ടുള്ളത്.

2016ലായിരുന്നു ഈ ക്ലാഷ് റിലീസ്. മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പുലിമുരുകനും ആസിഫ് അലി നായകനായ കവി ഉദ്ദേശിച്ചതും ഒറ്റ ദിവസത്തിന്റെ വ്യത്യാസത്തിലാണ് പ്രദര്‍ശനത്തിനെത്തിയത്. പുലിമുരുകന്‍ സമാനതകളില്ലാത്ത വിജയം സ്വന്തമാക്കി മോളിവുഡില്‍ നാഴികക്കല്ലായി മാറിയപ്പോള്‍ കവി ഉദ്ദേശിച്ചത് ശരാശരി വിജയത്തിലൊതുങ്ങി.

ഇപ്പോഴിതാ പത്തുവര്‍ഷത്തിന് ശേഷം ഇരുവരും ബോക്‌സ് ഓഫീസില്‍ വീണ്ടും ഏറ്റുമുട്ടുകയാണ്. ഈ വര്‍ഷത്തെ ക്രിസ്മസിന് മോഹന്‍ലാലിന്റെ അതിമനോഹരവും ആസിഫ് അലിയുടെ ടിക്കി ടാക്കയുമാണ് പ്രധാന റിലീസുകള്‍. ഴോണറുകളില്‍ വ്യത്യാസമുണ്ടെങ്കിലും ഹൈപ്പ് കൊണ്ടും ബജറ്റ് കൊണ്ടും രണ്ട് സിനിമകളും കട്ടക്ക് കട്ടയാണ്.

തുടരും എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കോമ്പോയിലൊരുങ്ങുന്ന ചിത്രമാണ് അതിമനോഹരം. ടി.എസ്. ലൗലജന്‍ എന്ന പൊലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഏറെക്കാലത്തിന് ശേഷം മീശപിരിച്ച മോഹന്‍ലാലിനെ ഈ സിനിമയിലൂടെ കാണാനാകുമെന്നതാണ് അതിമനോഹരത്തിന്റെ പ്രത്യേകത. ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

അതേസമയം കരിയറിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടുമായാണ് ആസിഫിന്റെ വരവ്. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക ആക്ഷന്‍ ഫീസ്റ്റാണെന്ന് ഓരോ അപ്‌ഡേറ്റും അടിവരയിടുന്നുണ്ട്. ആസിഫിന് പുറമെ നസ്‌ലെന്‍, വാമിക ഗബ്ബി, മഡോണ, ലുക്മാന്‍, ഹരിശ്രീ അശോകന്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. എന്നാല്‍ ഷാരൂഖ് ഖാന്റെ കിങ്, ഹോളിവുഡ് ചിത്രങ്ങളായ ഡ്യൂണ്‍ 3, അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ തുടങ്ങിയ സിനിമകളുടെ റിലീസ് ഈ രണ്ട് ചിത്രങ്ങള്‍ക്ക് വെല്ലുവിളിയായേക്കും.

Content Highlight: Asif Ali’s Tiki Taka clashing with Mohanlal’s Athimanoharam

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം