കോണ്‍ഫിഡന്‍സ് കുറവ് കാരണം ആ തമിഴ് സിനിമകള്‍ക്ക് അവസാന നിമിഷം നോ പറഞ്ഞു: ആസിഫ് അലി
Entertainment
കോണ്‍ഫിഡന്‍സ് കുറവ് കാരണം ആ തമിഴ് സിനിമകള്‍ക്ക് അവസാന നിമിഷം നോ പറഞ്ഞു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 8:08 am

മലയാളത്തില്‍ ഇപ്പോള്‍ തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ നല്‍കുന്ന നടനാണ് ആസിഫ് അലി. തന്റെ കരിയറിന്റെ 16ാമത്തെ വര്‍ഷത്തിലേക്ക് കടന്ന ആസിഫ് എന്നാല്‍ ഇതുവരെ മലയാളത്തില്‍ അല്ലാതെ മറ്റൊരു ഭാഷയിലും അഭിനയിച്ചിട്ടില്ല.

അതേസമയം തമിഴ് പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഏറെ ഇഷ്ടമുള്ള മലയാള നടനാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ മലയാള സിനിമകള്‍ക്ക് തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ഒരു തമിഴ് സിനിമയില്‍ പോലും അവസരം ലഭിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആസിഫ്.

ഭാഷയാണ് തന്റെ പ്രശ്‌നമെന്നും തമിഴില്‍ സിനിമ ചെയ്യാന്‍ കോണ്‍ഫിഡന്‍സ് കുറവുണ്ടെന്നും നടന്‍ പറയുന്നു. അതുകൊണ്ട് അവസാന നിമിഷത്തില്‍ താന്‍ തമിഴ് സിനിമകള്‍ക്ക് നോ പറയുകയായിരുന്നുവെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ വന്നിട്ട് ഇത് 16ാമത്തെ വര്‍ഷമാണ്. ഇത്രയും വര്‍ഷത്തിന്റെ ഇടയില്‍ തമിഴില്‍ നിന്നും ഇതുവരെ അവസരങ്ങള്‍ വന്നില്ലേയെന്ന് ചോദിച്ചാല്‍, ഭാഷയാണ് എന്റെ പ്രശ്‌നം. തമിഴ് ചെയ്യാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് കുറവുണ്ട്.

അതുകൊണ്ട് എല്ലാത്തിനും ലാസ്റ്റ് മിനിട്ടില്‍ ഞാന്‍ നോ പറയുകയായിരുന്നു. നമുക്ക് ഏത് ഭാഷ പറയുമ്പോഴും അത് കുറച്ച് ഈസിയായി തോന്നണമല്ലോ. ഡയലോഗ് കാണാതെ പഠിച്ച് പറയുന്നതില്‍ അല്ലല്ലോ കാര്യം. ഓര്‍ഗാനിക്കായി തന്നെ ഡയലോഗ് വരണമല്ലോ.

എനിക്ക് ഭാഷയുടെ ഈസിനെസ് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. കോണ്‍ഫിഡന്‍സ് കുറവ് കാരണം മാത്രമാണ് ഞാന്‍ തമിഴില്‍ അഭിനയിക്കാത്തത്. എനിക്ക് അത് പരിഹരിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്. തമിഴില്‍ ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ട്.

ഞാന്‍ തമിഴ് പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ അസിസ്റ്റന്റ് ആയിട്ടുള്ള അമീന്‍ തമിഴ് സംസാരിക്കുന്ന ആളാണ്. കഴിഞ്ഞ 13 വര്‍ഷമായി അവന്‍ എന്റെ കൂടെയുണ്ട്. അതുകൊണ്ട് എനിക്ക് തമിഴ് നന്നായി മനസിലാകും. പക്ഷെ മറുപടി പറയുമ്പോള്‍ തമിഴില്‍ പറയാന്‍ കോണ്‍ഫിഡന്‍സ് കുറവാണ്,’ ആസിഫ് അലി പറയുന്നു.


Content Highlight: Asif Ali Answered Why He Didn’t Do Any Tamil Movie