80 ലിറ്റര്‍ ഡീസലാണ് ആ നടന്റെ കല്യാണത്തിന് ഞാന്‍ ഗിഫ്റ്റായിട്ട് കൊടുത്തത്: ആസിഫ് അലി
Entertainment
80 ലിറ്റര്‍ ഡീസലാണ് ആ നടന്റെ കല്യാണത്തിന് ഞാന്‍ ഗിഫ്റ്റായിട്ട് കൊടുത്തത്: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th May 2025, 4:52 pm

വാഹനങ്ങളോടുള്ള തന്റെ ക്രേസിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. കുട്ടിക്കാലം മുതലേ കാറുകളോട് തനിക്ക് ക്രേസുണ്ടെന്ന് ആസിഫ് അലി പറഞ്ഞു. വീട്ടില്‍ എല്ലാവര്‍ക്കും ഡീസല്‍ വണ്ടികളോടാണ് താത്പര്യമെന്നും അതാണ് ലാഭമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചെറുപ്പം തൊട്ടേ വാങ്ങണമെന്ന് ആഗ്രഹമുള്ള വണ്ടികളില്‍ ഒന്നായിരുന്നു മെഴ്‌സിഡസിന്റെ ജി വാഗണെന്നും അത് പെട്രോള്‍ എഞ്ചിനാണെന്നും ആസിഫ് അലി പറഞ്ഞു.

സിനിമയിലെത്തി അത്യാവശ്യം പൈസയൊക്കെ ആയപ്പോള്‍ താന്‍ അത്തരമൊരു കാര്‍ അന്വേഷിച്ചെന്നും ഒടുവില്‍ കേരളത്തിന് പുറത്ത് നിന്ന് ഒരെണ്ണം വാങ്ങിയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ നിന്നാണ് അത് വാങ്ങിയതെന്നും അധികം ഓടാത്ത വണ്ടിയായിരുന്നു അതെന്നും ആസിഫ് അലി പറഞ്ഞു.

ആ കാര്‍ പോളിഷ് ചെയ്ത് അത്യാവശം പുതിയതുപോലെ ആക്കിയെന്നും ആ സമയത്തായിരുന്നു ബാലു വര്‍ഗീസിന്റെ വിവാഹ നിശ്ചയമെന്നും ആസിഫ് അലി പറയുന്നു. കോട്ട് ധരിച്ച ടക്ക് ഇന്‍ ചെയ്ത് താനും കൂട്ടുകാരും ജി വാഗണില്‍ പരിപാടിക്ക് പോകാന്‍ പ്ലാന്‍ ചെയ്‌തെന്നും അതിന് മുമ്പ് ഡ്രൈവറോട് ഇന്ധനം നിറക്കാന്‍ ആവശ്യപ്പെട്ട് ചാവി കൊടുത്തുവിട്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പെട്രോളിന് പകരം അയാള്‍ ഫുള്‍ ടാങ്ക് ഡീസലടിച്ചെന്നും വണ്ടി വഴിയില്‍ വെച്ച് കേടായെന്നും ആസിഫ് അലി പറഞ്ഞു.

ഒടുവില്‍ ഷോറൂമില്‍ കൊണ്ടുപോയി സര്‍വീസ് ചെയ്ത് ശരിയാക്കിയെന്നും 80 ലിറ്റര്‍ ഡീസല്‍ ഷോറൂമിലുള്ളവര്‍ തനിക്ക് തിരിച്ച് തന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ആ കന്നാസില്‍ റിബണ്‍ കെട്ടി ബാലു വര്‍ഗീസിന്റെ വിവാഹത്തിന് സമ്മാനമായി നല്‍കിയെന്നും ലോകത്ത് ആരും അത്തരത്തില്‍ സമ്മാനം കൊടുക്കാന്‍ സാധ്യതയില്ലെന്നും ആസിഫ് അലി പറഞ്ഞു. സര്‍ക്കീട്ട് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘കാറുകളോട് വലിയ ക്രേസുള്ള ആളാണ് ഞാന്‍. ചെറുപ്പം തൊട്ട് ഓരോ കാര്‍ കാണുമ്പോഴും അതെല്ലാം ആഗ്രഹിക്കാറുണ്ട്. വീട്ടില്‍ പലര്‍ക്കും ഡീസല്‍ വണ്ടികളോടാണ് താത്പര്യം. ഈയടുത്ത് ഞാന്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് G55 വാങ്ങിയിരുന്നു. അത് പെട്രോള്‍ എഞ്ചിനാണ്. ദല്‍ഹിയില്‍ നിന്നാണ് വാങ്ങിയത്. അധികം ഓടിയിട്ടൊന്നുമില്ല. ഇവിടെ കൊണ്ടുവന്ന പോളിഷ് ചെയ്ത് സെറ്റാക്കി വെച്ചു. ബാലു വര്‍ഗീസിന്റെ വിവാഹനിശ്ചയം ആ സമയത്തായിരുന്നു. ഞങ്ങള്‍ ഫ്രണ്ട്‌സ് ടീം ആ വണ്ടിയില്‍ പരിപാടിക്ക് പോകാമെന്ന് പ്ലാന്‍ ചെയ്തു.

പോകുന്നതിന് മുമ്പ് വണ്ടി ഫുള്‍ ടാങ്ക് അടിച്ചിട്ട് വരാന്‍ വേണ്ടി ഡ്രൈവറെ ഏല്‍പ്പിച്ചു. അവന്‍ പെട്രോളിന് പകരം ഡീസലാണ് അടിച്ചത്. അതും ഫുള്‍ ടാങ്ക് ഡീസലെന്ന് പറയുമ്പോള്‍ 80 ലിറ്ററുണ്ട്. വണ്ടി കേടായി. ഒടുക്കം മെഴ്‌സിഡസിന്റെ ഷോറൂമില്‍ കൊണ്ടുപോയി ശരിയാക്കി. അവര്‍ ആ ഡീസല്‍ മുഴുവന്‍ ഒരു കന്നാസിലാക്കി വെച്ചിട്ടുണ്ടായിരുന്നു. ആ 80 ലിറ്റര്‍ ഡീസല്‍ ബാലുവിന്റെ കല്യാണത്തിന് ഗിഫ്റ്റായിട്ട് കൊടുത്തു,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali about his car craze