ഇന്ത്യക്ക് പുറത്തുള്ള മാധ്യമങ്ങളിലെ ചര്‍ച്ചയില്‍ ഡിസിപ്ലിനുണ്ട്, നമ്മുടെ നാട്ടില്‍ അതില്ല: ഏഷ്യാനെറ്റ് ന്യൂസ് സ്ഥാപകന്‍ ഡോ. റെജി മേനോന്‍
Kerala
ഇന്ത്യക്ക് പുറത്തുള്ള മാധ്യമങ്ങളിലെ ചര്‍ച്ചയില്‍ ഡിസിപ്ലിനുണ്ട്, നമ്മുടെ നാട്ടില്‍ അതില്ല: ഏഷ്യാനെറ്റ് ന്യൂസ് സ്ഥാപകന്‍ ഡോ. റെജി മേനോന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th September 2025, 11:32 am

കൊച്ചി: ചാനല്‍ ചര്‍ച്ചകളിലും റിപ്പോര്‍ട്ടിങ്ങിലും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് തീരെ അച്ചടക്കമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സ്ഥാപകന്‍ ഡോ. റെജി മേനോന്‍. അഞ്ച് വാക്കില്‍ പറയേണ്ട കാര്യം നീട്ടിപ്പരത്തി പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കി അവതരിപ്പിക്കുന്നവരാണ് ഇപ്പോഴത്തെ ചാനല്‍ അവതാരകരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്റെ 30ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ടറും അവതാരകനും പരമാവധി സമയമെടുത്താണ് ഓരോ വാര്‍ത്തയും അവതരിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും റെജി മേനോന്‍ പറഞ്ഞു. അത് വളരെ ബോറായി മാറിയിട്ടുണ്ടെന്നും അത്തരം കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറയുന്നു. ചാനല്‍ ചര്‍ച്ചകളെല്ലാം കോലാഹലം മാത്രമാണെന്നും റെജി മേനോന്‍ പറഞ്ഞു.

‘എവിടന്നൊക്കെയോ കുറേ ആളുകള്‍ ചാനല്‍ ഫ്‌ളോറില്‍ വന്നിരുന്ന് ബഹളം വെക്കുന്നു എന്നല്ലാതെ വേറെ ഒന്നും ഇവിടെയില്ല. ഒരാള്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ മറ്റൊരാള്‍ കയറി സംസാരിക്കുന്നു, അത് നിയന്ത്രിക്കേണ്ട അവതാരകന്‍ പോലും ഇടക്ക് കയറി സംസാരിക്കുന്നു. അതൊക്കെ വലിയ ഇറിറ്റേറ്റിങ്ങാണ്’ റെജി മേനോന്‍ പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ മാത്രമല്ലെന്നും ഇന്ത്യയിലെ എല്ലാ ചാനലിലും ഇത് തന്നെയാണ് നടക്കുന്നതെന്നും അവതാരകയായ സിന്ധു സൂര്യകുമാര്‍ അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ തെറ്റായ പ്രവണതയാണെന്നായിരുന്നു റെജി മേനോന്റെ മറുപടി. പുറം രാജ്യങ്ങളിലെ മാധ്യമചര്‍ച്ചകളെ കണ്ടാണ് ഇന്ത്യയിലെ ചാനലുകള്‍ ഇത് അനുകരിക്കുന്നതെന്ന് സിന്ധു സൂര്യകുമാര്‍ പറയുകയുണ്ടായി.

‘അവിടത്തെ മീഡിയാസിന് ഡിസിപ്ലിനും ഡീസന്‍സിയുമുണ്ട്. ഇവിടെ അതില്ല. ‘ഇങ്ങനെയല്ല ആങ്കറിങ് ചെയ്യേണ്ടത്’ എന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആള് പറഞ്ഞാല്‍ അയാളെ തൂക്കിയെടുത്ത് വെളിയിലിടണം. മോസ്‌കോയിലാണെങ്കില്‍ അത് ചെയ്‌തേനെ. ആങ്കറോട് മിസ്ബിഹേവ് ചെയ്താല്‍ അപ്പോള്‍ തന്നെ സെക്യൂരിറ്റിയെ വിളിച്ച് പുറത്താക്കാന്‍ പറയും.

അതുപോലെ ഇവിടെയും ചെയ്യണം. അങ്ങനെ ചെയ്യാനെന്താ പേടിയാണോ? വേറെ ആള്‍ക്കാരെ കിട്ടില്ലേ? വലിയ എക്‌സ്‌പോഷര്‍ കിട്ടാന്‍ ഇവര്‍ക്ക് ചാനലിനെയല്ലേ വേണ്ടത്. അല്ലാതെ ചാനലിന് ഇവരെയാണോ ആവശ്യം? റെലവന്റായിട്ടുള്ള ആളുകളെ വേണം വിളിക്കാന്‍. മുമ്പ് എല്ലാ ചര്‍ച്ചകളും കാണുമായിരുന്നു. ഇപ്പോള്‍ കുറവാണ്,’ റെജി മേനോന്‍ പറയുന്നു.

Content Highlight: Asianet News Founder Raji Menon express his opinion on Channel discussions of nowadays