യുദ്ധമാണ് അഭിമാനമെങ്കില്‍ പാകിസ്ഥാനോടുള്ള തോല്‍വികള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്; മോദിക്ക് നഖ്‌വിയുടെ മറുപടി
Cricket
യുദ്ധമാണ് അഭിമാനമെങ്കില്‍ പാകിസ്ഥാനോടുള്ള തോല്‍വികള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്; മോദിക്ക് നഖ്‌വിയുടെ മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th September 2025, 3:02 pm

ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിന് മറുപടിയുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) ചെയര്‍മാനും പാകിസ്ഥാന്‍ മന്ത്രിയുമായ മൊഹ്സിന്‍ നഖ്‌വി. ക്രിക്കറ്റിലേക്ക് യുദ്ധവും രാഷ്ട്രീയവും വലിച്ചിഴക്കുന്നതിലൂടെ കളിയുടെ ആത്മാവിനെ അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എക്സിലൂടെയാണ് നഖ്‌വിയുടെ മറുപടി.

‘യുദ്ധമാണ് നിങ്ങളുടെ അഭിമാനത്തിന്റെ അളവുകോലെങ്കില്‍ പാകിസ്ഥാനോടുള്ള അപമാനകരമായ തോല്‍വികള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ക്രിക്കറ്റ് മത്സരത്തിനും സത്യം തിരുത്താനാവില്ല.

സ്‌പോര്‍ട്‌സിലേക്ക് യുദ്ധത്തെ വലിച്ചിഴക്കുന്നത് നിങ്ങളുടെ നിരാശയെയാണ് തുറന്ന് കാട്ടുന്നത്. അതിലൂടെ കളിയുടെ ആത്മാവിനെ അപമാനിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്,’ നഖ്‌വി എക്സില്‍ കുറിച്ചു.

ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതിന് പിന്നാലെ നരേന്ദ്ര മോദി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ഓണ്‍ ഫീല്‍ഡ് എന്ന് പറഞ്ഞാണ് മോദി ടീമിനെ അഭിനന്ദിച്ച് എക്സില്‍ കുറിച്ചത്. രണ്ടിലും ഫലം ഒന്നുതന്നെയാണെന്നും നമ്മുടെ ക്രിക്കറ്റര്‍മാര്‍ക്ക് അഭിനന്ദങ്ങള്‍ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പോസ്റ്റ്. ഇതിന് മറുപടിയായാണ് നഖ്‌വിയുടെ പ്രതികരണം.

ഇന്ത്യ കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനെ തോല്‍പ്പിച്ച് തങ്ങളുടെ ഒമ്പതാം ഏഷ്യാ കപ്പ് കിരീടം ചൂടിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. തിലക് വര്‍മ, ശിവം ദുബെ, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ്ങിന്റെ മികവിലാണ് ടീമിന്റെ വിജയം.

ബൗളിങ്ങില്‍ കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവര്‍ തിളങ്ങി. കുല്‍ദീപ് നാല് വിക്കറ്റ് നേടിയപ്പോള്‍ ബുംറ, ചക്രവര്‍ത്തി, അക്സര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

വിജയം സ്വന്തമാക്കിയെങ്കിലും ഈ ഫൈനല്‍ ഏറെ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കിരീടം നേടിയതിന് ശേഷം ഏഷ്യന്‍ കൗണ്‍സില്‍ ചെയര്‍മാനും പാക് മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു. അതിനാല്‍ തന്നെ ട്രോഫിയില്ലാതെയാണ് താരങ്ങള്‍ ഫോട്ടോ എടുത്തത്. പിന്നാലെ, നഖ്വി ട്രോഫി കൊണ്ടുപോയെന്നും അത് തങ്ങള്‍ക്ക് തന്നെ തിരിച്ച് നല്‍കണമെന്നും ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞിരുന്നു.

നേരത്തെ, ഇരുടീമുകളും ഗ്രൂപ്പ് സ്റ്റേജിലും സൂപ്പര്‍ ഫോറിലും ഏറ്റുമുട്ടിയപ്പോള്‍ താരങ്ങള്‍ പരസ്പരം കൈകൊടുത്തിരുന്നില്ല. കൂടാതെ, ഫൈനലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടില്‍ നിന്നും ഇന്ത്യന്‍ നായകന്‍ വിട്ടുനിന്നിരുന്നു.

Content Highlight: Asia Cup: Mohsin Naqvi responds to PM Modi that If war is pride, history has recorded defeats against Pakistan