അവന്റെ ഇന്നിങ്സ് കോഹ്ലിയുടേത് പോലെ; ഇര്‍ഫാന്‍ പത്താന്‍
Sports News
അവന്റെ ഇന്നിങ്സ് കോഹ്ലിയുടേത് പോലെ; ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th September 2025, 4:43 pm

ഇന്ത്യയുടെ ഒമ്പതാം ഏഷ്യാ കപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായകമായത് യുവതാരം തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറിയായിരുന്നു. താരം കഴിഞ്ഞ ദിവസം പാകിസ്താനെതിരെ 53 പന്തില്‍ 69 റണ്‍സ് നേടിയിരുന്നു. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കം പിഴച്ചിരുന്നു. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ മികച്ച ഇന്നിങ്സ് പുറത്തെടുത്ത് തിലകാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. ഇപ്പോള്‍ താരത്തിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

തിലക് തന്റെ ഏറ്റവും മികച്ച ഇന്നിങ്സാണ് പാകിസ്ഥാനെതിരെ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വിരാട് കോഹ്ലി ഇന്ത്യയ്ക്കായി നടത്തിയിരുന്നത് പോലുള്ള ഒരു ഇന്നിങ്സ് താരം പുറത്തെടുത്തെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിലക് ടി – 20 ക്രിക്കറ്റില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. പക്ഷേ, ഈ 69 റണ്‍സിന്റെ ഇന്നിങ്‌സിനേക്കാള്‍ മികച്ചതൊന്ന് അവന്‍ കരിയറില്‍ കളിച്ചിട്ടില്ല. ഇത്രയും സമ്മര്‍ദ്ദവും അവന്‍ മുമ്പ് നേരിട്ട് ഉണ്ടാവില്ല. അവനത് ഭംഗിയായി കൈകാര്യം ചെയ്തു.

ഒരു ഘട്ടത്തില്‍ ഇന്ത്യ പിന്നിലാകുമെന്ന് തോന്നിയിരുന്നു. എന്നാല്‍ അവിടെ തിലക് മികച്ചൊരു ഇന്നിങ്സ് കാഴ്ച വെച്ചു. മുമ്പ് വിരാട് കോഹ്ലി ആ സ്ഥാനത്ത് ചെയ്തിരുന്നത് പോലെയാണത്. ഇത് വര്‍ഷങ്ങളോളം ഓര്‍മിക്കപ്പെടും,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

തിലകിന് പുറമെ, ശിവം ദുബെയും സഞ്ജു സാംസണും മികച്ച ബാറ്റിങ് നടത്തി. ദുബെ 22 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 21 പന്തില്‍ 24 റണ്‍സും സ്വന്തമാക്കി.

ബൗളിങ്ങില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയത് കുല്‍ദീപ് യാദവാണ്. താരം നാല് ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തി. താരത്തിന് പുറമെ, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlight: Asia Cup: Irfan Pathan praises Tilak Varma’s innings and says he played like Virat Kohli