2025 ഏഷ്യാ കപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഞായറാഴ്ചയാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമേറിയ പോരാട്ടത്തിന്റെ പുതിയ പതിപ്പിനാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകുന്നത്.
ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആവേശമുള്‍ക്കൊണ്ടാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ യു.എ.ഇയ്‌ക്കെതിരെ കൂറ്റന്‍ വിജയം നേടിയപ്പോള്‍ ഒമാനെതിരെയായിരുന്നു പാകിസ്ഥാന്റെ വിജയം.
ഇപ്പോള്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തെ കുറിച്ചും ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചും സംസാരിക്കുകയാണ് ഇന്ത്യയുടെ സഹപരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റ്. മാറ്റങ്ങളൊന്നുമില്ലാതെ ആദ്യ മത്സരത്തിലെ അതേ പ്ലെയിങ് ഇലവനെ തന്നെ കളത്തിലിറക്കാനാണ് സാധ്യതയെന്നാണ് ഡോഷേറ്റ് പറയുന്നത്.
‘ആദ്യ മത്സരത്തില്‍ നിന്നും ഞങ്ങള്‍ക്ക് വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. സ്റ്റേഡിയത്തിലെ മറ്റ് മത്സരങ്ങളില്‍ നിന്നും കാര്യമായി തന്നെ ഒന്നും ലഭിച്ചിട്ടില്ല. ഇതുകൊണ്ട് തന്നെ മാറ്റം വരുത്താന്‍ സാധ്യതയില്ല.
ചാമ്പ്യന്‍സ് ട്രോഫിയിലെ മത്സരങ്ങള്‍ അപേക്ഷിച്ച് നോക്കുമ്പോള്‍ വിക്കറ്റുകള്‍ അല്‍പ്പം വ്യത്യാസപ്പെട്ടിട്ടുണ്ട് എന്നതാണ് വലിയ നേട്ടമായി ഞാന്‍ കാണുന്നത്. ആദ്യ മത്സരത്തിലെ കോമ്പിനേഷന്‍ ശരിയാണെന്നാണ് ഞങ്ങള്‍ കരുതുന്നത്,’ വാര്‍ത്താ സമ്മേളനത്തില്‍ ഡോഷേറ്റ് പറഞ്ഞു.
മധ്യനിരയിലെ ബാറ്റിങ് യൂണിറ്റിനെ കുറിച്ചും ഡോഷേറ്റ് പറഞ്ഞു. വിവിധ ബാറ്റിങ് പൊസിഷനുകളില്‍ ഒരുപോലെ മികച്ച രീതിയി കളിക്കാന്‍ സാധിക്കുന്ന താരങ്ങളുള്ളത് ഭാഗ്യമാണെന്നായിരുന്നു ഡോഷേറ്റ് പറഞ്ഞത്. സഞ്ജുവിനെയടക്കം പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ഡോഷേറ്റിന്‍രെ പ്രസ്താവന.
‘സഞ്ജു, അക്‌സര്‍, ഹര്‍ദിക് എന്നിവര്‍ ടീമിനൊപ്പമുള്ളത് ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ടോപ്പ് ഓര്‍ഡര്‍ മുതല്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ വരെ ഇവര്‍ക്ക് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനാകും. ഇവരുടെ വേഴ്‌സറ്റാലിറ്റി ഉപയോഗപ്പെടുത്തുക എന്നത് സ്ട്രാറ്റജിയുടെ ഭാഗമായിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോഷേറ്റ് പറഞ്ഞതനുസരിച്ച് ഇന്ത്യ തങ്ങളുടെ ബാറ്റിങ് ഓര്‍ഡര്‍ മാറ്റാന്‍ സാധ്യതയില്ല. പാകിസ്ഥാനെതിരെയും ഓപ്പണിങ്ങിന് പകരം സഞ്ജു മിഡില്‍ ഓര്‍ഡറിലായിരിക്കും കളത്തിലിറങ്ങുക. അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.