പാകിസ്ഥാനെതിരെ മല്ലയുദ്ധത്തിന് ഇന്ത്യന്‍ ത്രിമൂര്‍ത്തികള്‍; കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!
Sports News
പാകിസ്ഥാനെതിരെ മല്ലയുദ്ധത്തിന് ഇന്ത്യന്‍ ത്രിമൂര്‍ത്തികള്‍; കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th September 2025, 8:25 am

2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച പോരാട്ടത്തിനായിരിക്കും ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുക.

മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ ബൗളിങ് നിരതന്നെയായിരിക്കും അണി നിരത്തുക. മാത്രമല്ല ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവരിലാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിനൊരു കാരണവുമുണ്ട്.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഒരു താരവും 100 വിക്കറ്റ് എന്ന നാഴികക്കല്ലിലെത്തിയിട്ടില്ല. അതിനുള്ള അവസരമാണ് ഈ മൂന്ന് താരങ്ങള്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ആരാകും ആദ്യം ഈ നേട്ടത്തിലെത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

നിലവില്‍ 99 വിക്കറ്റുകള്‍ നേടിയ അര്‍ഷ്ദീപ് സിങ്ങാണ് ലിസ്റ്റില്‍ മുന്നിലുള്ളത്. എന്നിരുന്നാലും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചാല്‍ മാത്രമേ അര്‍ഷ്ദീപിന് ഈ നേട്ടം കൊയ്യാന്‍ സാധിക്കൂ. യു.എ.ഇയ്‌ക്കെതിരായ ഇന്ത്യയുടെ ഓപ്പണിങ് ഇലവനില്‍ അര്‍ഷ്ദീപിന് അവസരം ലഭിച്ചിരുന്നില്ല. ഈ പശ്ചാതത്തില്‍ പാകിസ്ഥാനെതിരെ താരം ഇടം നേടുമോ എന്നത് ഒരു സര്‍പ്രൈസാണ്.

നിലവില്‍ 94 വിക്കറ്റുമായി ഹര്‍ദിക്ക് പാണ്ഡ്യ അര്‍ദീപിന് പിന്നിലുണ്ട്. ജസ്പ്രീത് ബുംറ ലിസ്റ്റില്‍ 90 വിക്കറ്റുകളും നേടിയാണ് മുന്നേറുന്നത്. 96 വിക്കറ്റുകളുമായി യുസ്വേന്ദ്ര ചഹല്‍ ലിസ്റ്റില്‍ ഉണ്ടെങ്കിലും താരം നിലവില്‍ ഇന്ത്യന്‍ ടീമിലില്ല.

ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരങ്ങള്‍

അര്‍ഷ്ദീപ് – 99

യുസ്വേന്ദ്ര ചഹല്‍ – 96

ഹര്‍ദിക് പാണ്ഡ്യ – 94

ജസ്പ്രീത് ബുംറ – 90

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

Content Highlight: Asia Cup: India VS Pakistan- Three Indian Bowlers Waiting A Great Record Achievement In T20i