2025 ഏഷ്യാ കപ്പില്‍ ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടത്തിന് ടോസ് വീഴാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ക്ലാസിക് റൈവല്‍റികളിലൊന്നിന്റെ പുതിയ പതിപ്പിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്.
തങ്ങളുടെ ആദ്യ മത്സരം വിജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരമേറ്റുമുട്ടാനൊരുങ്ങുന്നത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ യു.എ.ഇയ്‌ക്കെതിരെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ഒമാനെയാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യ ഈ മത്സരം ബഹിഷ്‌കരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നടക്കം പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി പോലും നല്‍കിയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ പങ്കാളിയും ഈ മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.
മത്സരത്തിന് മുമ്പുള്ള ഈ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലും ചലനങ്ങളുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.ടി.വിയടക്കമുള്ളവര്‍ ഈ വിഷയത്തില്‍ ഡ്രസ്സിങ് റൂം അത്ര കണ്ട് പ്രസന്നമല്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മത്സരത്തില്‍ പ്രതീകാത്മക പ്രതിഷേധത്തിന് ഇന്ത്യയൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കറുത്ത ആം ബാന്‍ഡ് ധരിച്ചുകൊണ്ടോ പാക് താരങ്ങളുമായി ഷെയ്ക് ഹാന്‍ഡ് നല്‍കാതെയോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ ഇന്ത്യ പ്രതീകാത്മക പ്രതിഷേധം അറിയിക്കുമെന്നാണ് ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിലെ ഇന്ത്യ ചാമ്പ്യന്‍സ് – പാകിസ്ഥാന്‍ ചാമ്പ്യന്‍സ് മത്സരത്തില്‍ നിന്നും ഇന്ത്യ പിന്‍മാറിയിരുന്നു. ലീഗ് ഘട്ട മത്സരത്തിന് പുറമെ സെമി ഫൈനലിലും ഇന്ത്യ അയല്‍ക്കാര്‍ക്കെതിരെ കളത്തിലിറങ്ങിയിരുന്നില്ല.
അതേസമയം, കനത്ത സുരക്ഷയിലാണ് ഇന്ത്യ – പാക് മത്സരം നടക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി സെല്‍ഫി സ്റ്റിക് അടക്കമുള്ളവയ്ക്ക് സ്റ്റേഡിയത്തില്‍ വിലക്കുണ്ട്.
ഗാലറിയിലോ പുറത്തോ പ്രകോപനമുണ്ടായാല്‍ 5000 മുതല്‍ 30,000 ദിര്‍ഹം വരെ (1.2 ലക്ഷം രൂപ മുതല്‍ 7.2 ലക്ഷം രൂപ വരെ) പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തടവുശിക്ഷ കഴിഞ്ഞാല്‍ നാടു കടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്റ്റേഡിയത്തിനുള്ളില്‍ ലേസറുകള്‍, ക്യാമറ ഹോള്‍ഡറുകള്‍, സെല്‍ഫി സ്റ്റിക്കുകള്‍, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, ക്യാമറകള്‍, വിഷപദാര്‍ഥങ്ങള്‍, ബാനറുകള്‍, കൊടികള്‍, റിമോട്ട് നിയന്ത്രിത ഉപകരണങ്ങള്‍, സൈക്കിളുകള്‍, സ്‌കേറ്റ് ബോര്‍ഡുകള്‍, സ്‌കൂട്ടറുകള്‍, ഗ്ലാസ് നിര്‍മിതവസ്തുക്കള്‍ തുടങ്ങിയവ പ്രവേശിപ്പിക്കില്ല.
മത്സരം കാണാനെത്തുന്നവര്‍ മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഡിയത്തില്‍ പ്രവേശിക്കണം. ഒരിക്കല്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ പുറത്തിറങ്ങാന്‍ കഴിയില്ല. പുറത്തിറങ്ങുന്നവര്‍ക്ക് പിന്നീട് പ്രവേശനവും നല്‍കില്ല.
സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.
Content Highlight: Asia Cup: IND vs PAK: Reports says India set to India to raise symbolic protest against Pakistan