ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
കുല്‍ദീപ് യാദവ് നയിച്ച ബൗളിങ് നിരയും ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ബാറ്റിങ് യൂണിറ്റും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഇന്ത്യ ടൂര്‍ണമെന്റിലെ രണ്ടാം മത്സരവും വിജയിച്ചത്. ഇതോടെ സൂപ്പര്‍ ഫോറിലേക്ക് ഒരടി കൂടി അടുക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
നേരത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് തുടക്കത്തിലേ പിഴച്ചിരുന്നു. ഇന്നിങ്‌സിലെ ആദ്യ ലീഗില്‍ ഡെലിവെറിയില്‍ സൂപ്പര്‍ താരം സയീം അയ്യൂബിനെയും രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെയും പാകിസ്ഥാന് നഷ്ടമായി.
മൂന്നാം വിക്കറ്റില്‍ സാഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനും ചേര്‍ന്ന് 39 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മികച്ച രീതിയില്‍ തുടര്‍ന്ന കൂട്ടുകെട്ട് പൊളിച്ച് അക്‌സര്‍ പട്ടേലാണ് ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 15 പന്തില്‍ 17 റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ആഘാ സല്‍മാന്‍ പാടെ നിരാശനാക്കി. 12 പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി അക്‌സര്‍ പട്ടേലിന് വിക്കറ്റ് സമ്മാനിച്ചാണ് താരം മടങ്ങിയത്.
പിന്നാലെയെത്തിയ ഹസന്‍ നവാസ് അഞ്ച് റണ്‍സിനും മുഹമ്മദ് നവാസ് പൂജ്യത്തിനും പുറത്തായി. 17ാം ഓവറിലെ ആദ്യ പന്തില്‍ സാഹിബ്‌സാദ ഫര്‍ഹാനും മടങ്ങി. 44 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്.
ഒമ്പതാം നമ്പറിലെത്തിയ ഷഹീന്‍ അഫ്രിദിയുടെ പ്രകടനമാണ് പാകിസ്ഥാനെ നൂറ് കടത്തിയത്. 16 പന്ത് നേരിട്ട താരം നാല് സിക്സറിന്റെ അകമ്പടിയോടെ പുറത്താകാതെ 33 റണ്‍സ് നേടി.
ഒടുവില്‍ നിശ്ചിത ഓവറില്‍ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സിലെത്തി.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.
4-0-18-3
Kuldeep Yadav finishes with yet another fine spell 👏👏
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയാണ് ആരംഭിച്ചത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഷഹീന്‍ ഷാ അഫ്രിദിക്കെതിരെ ഫോറടിച്ച് അഭിഷേക് ശര്‍മ സ്‌കോര്‍ ബോര്‍ഡ് തുറന്നു.
ഒന്നാം വിക്കറ്റില്‍ അഭിഷേകും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് മികച്ച പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഗില്ലിനെ പുറത്താക്കി സയീം അയ്യൂബ് കൂട്ടുകെട്ട് പൊളിച്ചു. ഒരു മികച്ച സ്റ്റംപിങ്ങിലൂടെയാണ് പാകിസ്ഥാന്‍ ഗില്ലിനെ മടക്കിയത്. ഏഴ് പന്തില്‍ പത്ത് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
വണ്‍ ഡൗണായി ക്യാപ്റ്റന്‍ സൂര്യകുമാറാണ് ക്രീസിലെത്തിയത്. ബാറ്റിങ് പാര്‍ട്ണര്‍ മാറിയെങ്കിലും അഭിഷേക് ആക്രമിക്കാന്‍ ഉറച്ചുതവന്നെയായിരുന്നു. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ അഭിഷേകിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. സയീം അയ്യൂബിന്റെ പന്തില്‍ ഫഹീം അഷ്‌റഫിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. പുറത്താകും മുമ്പ് 13 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറും അടക്കം 31 റണ്‍സ് അടിച്ചെടുത്തു.
പിന്നാലെയെത്തിയ തിലക് വര്‍മ ക്യാപ്റ്റനെ ഒപ്പം കൂട്ടി മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ അധികം വൈകാതെ തിലകിനെ മടക്കി സയീം അയ്യൂബ് കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുമുമ്പത്തെ ഓവറില്‍ ജീവന്‍ ലഭിച്ചെങ്കിലും ആ ലൈഫ് മുതലാക്കാന്‍ താരത്തിന് സാധിച്ചില്ല. 31 പന്തില്‍ 31 റണ്‍സ് നേടിയാണ് തിലക് മടങ്ങിയത്.
5⃣0⃣-run stand between captain Surya Kumar Yadav & Tilak Varma 🤝#TeamIndia in cruise control in the chase! 👌
പാര്‍ട്ണര്‍ഷിപ്പ് തകര്‍ന്നെങ്കിലും പിന്നാലെയെത്തിയ ശിവം ദുബെയെ ഒപ്പം കൂട്ടി സ്‌കൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 16ാം ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സര്‍ നേടിക്കൊണ്ടാണ് സ്‌കൈ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തിയത്.