2025 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെതിരെ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം അരങ്ങേറുന്നത്.
ഏഷ്യാ കപ്പിന്റെ നാല് പതിറ്റാണ്ട് നീണ്ട ചരിത്രത്തില്‍ ഇതാദ്യമായാണ് കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. കടലാസിലും കണക്കിലും കരുത്തര്‍ ഇന്ത്യ തന്നെയാണ്. ഈ ടൂര്‍ണമെന്റിലെ പ്രകടനം ഇത് അടിവരയിടുന്നതുമാണ്. ഫൈനലിലും ജയസാധ്യത ഇന്ത്യയ്‌ക്കൊപ്പം തന്നെയാണ്.
For the First Time in 41 Years, it’s India vs Pakistan in an Asia Cup Final 🚨
2025 ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും കളിച്ച രണ്ട് മത്സരത്തിലും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ സൂര്യയും സംഘവും സൂപ്പര്‍ ഫോറില്‍ ആറ് വിക്കറ്റിനാണ് വിജയിച്ചത്.
ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇരു ഫോര്‍മാറ്റുകളിലുമായി ഇരു ടീമുകളും 21 തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 12 തവണ ഇന്ത്യ ജയം കുറിച്ചപ്പോള്‍ ആറ് മത്സരത്തില്‍ പാകിസ്ഥാനും വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ ഫലമില്ലാതെയും അവസാനിച്ചു.
2016ലും 2022ലുമാണ് ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റില്‍ അരങ്ങേറിയത്. രണ്ട് സീസണുകളിലുമായി മൂന്ന് മത്സരങ്ങള്‍ ഇരുവരും കളിച്ചപ്പോള്‍ രണ്ട് തവണ ഇന്ത്യയും ഒരിക്കല്‍ പാകിസ്ഥാനും വിജയം സ്വന്തമാക്കി.
ടി-20 ഫോര്‍മാറ്റിന്റെ ചരിത്രമെടുക്കുമ്പോള്‍ ഇന്ത്യ – പാകിസ്ഥാന്‍ ഹെഡ് ടു ഹെഡില്‍ മുമ്പില്‍ ഇന്ത്യ തന്നെയാണ്. ടി-20 ലോകകപ്പുകളിലും ബൈലാറ്ററല്‍ സീരിസുകളിലുമടക്കം 15 തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ 12 തവണയും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിച്ചത്.
ഏറ്റവുമുയര്‍ന്ന വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍) – ഇന്ത്യ, 11 റണ്‍സിന് (2012 ഡിസംബര്‍ 28, അഹമ്മദാബാദ്)
ഏറ്റവുമുയര്‍ന്ന വിജയം (വിക്കറ്റിന്റെ അടിസ്ഥാനത്തില്‍) – പാകിസ്ഥാന്‍, പത്ത് വിക്കറ്റിന് (2021 ഒക്ടോബര്‍ 24, ദുബായ്)
ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം റവന്യൂ ജെനറേറ്റ് ചെയ്യാന്‍ പോകുന്ന ഫൈനലില്‍ ആര് ജയിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സൂര്യയും സംഘവുമാണ് വിജയിക്കുന്നതെങ്കില്‍ ഇന്ത്യ തങ്ങളുടെ ഒമ്പതാം കിരീടം ശിരസിലണിയും. അതേസമയം, മൂന്നാം ഏഷ്യാ കപ്പാണ് പാകിസ്ഥാന്റെ ലക്ഷ്യം.
സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.
Content Highlight: Asia Cup Final: India will face Pakistan for the 1st time in the final of the tournament