വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് അശോകൻ. തുടക്കകാലത്ത് തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ ഭാഗ്യം ലഭിച്ച അശോകൻ പത്മരാജൻ ഒരുക്കിയ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് കടന്നു വരുന്നത്.
പെരുവഴിയമ്പലത്തിനെ കുറിച്ച് സംസാരിക്കുകയാണ് അശോകൻ. താൻ അഭിനയിച്ച ആദ്യത്തെയും അവസാനത്തെയും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് അതെന്നും അന്നത്തെ ചെറുപ്പക്കാരിൽ ആർക്കും അങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടില്ലെന്നും അശോകൻ പറയുന്നു.
താനൊരു സ്വാഭാവിക നടനാണെന്ന വിശ്വാസം തനിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് മലയാള സിനിമയിൽ ഇന്നും നിലനിൽക്കുന്നതെന്നും അശോകൻ കാൻ ചാനൽ മീഡിയയോട് കൂട്ടിച്ചേർത്തു.
‘എന്റെ ആദ്യത്തെയും അവസാനത്തെയും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് പെരുവഴിയമ്പലം. പിന്നീട് ആരും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ ചെയ്തിട്ടില്ല. ഇപ്പോൾ സിനിമയിൽ ഫ്ലാഷ് ബാക്ക് സീനുകൾ കാണിക്കുമ്പോൾ മാത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ഉപയോഗിക്കും.
പക്ഷേ അന്നത്തെ ചെറുപ്പക്കാരിൽ ഒരു മുഴുനീള ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത് എനിക്ക് മാത്രമാണ്.
സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് ഞാൻ എന്നൊരു വിശ്വാസം എനിക്കുണ്ട്. അല്ലെങ്കിൽ പെരുവഴിയമ്പലം പോലെ ഒരു സിനിമയിലൂടെ എനിക്ക് തുടങ്ങാൻ പറ്റില്ലല്ലോ. പിന്നീടുള്ള സിനിമകളും അങ്ങനെ ആയിരുന്നല്ലോ. സ്വഭാവികമായി അഭിനയിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.
അല്ലെങ്കിൽ എനിക്ക് ഇപ്പോഴുള്ള പുതിയ ആളുകളോടൊപ്പവും അഭിനയിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടല്ലേ ഞാനിന്നും സിനിമയിൽ നിൽക്കുന്നത്.