ജനാധിപത്യകേരളത്തിന് അപമാനകരമായ ആ ബോര്‍ഡ് എടുത്തു മാറ്റണം; ക്ഷേത്രങ്ങളെ മതവിദ്വേഷത്തിന്റെ ആയുധപ്പുരകളാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ലെന്ന് പു.ക.സ
Kerala
ജനാധിപത്യകേരളത്തിന് അപമാനകരമായ ആ ബോര്‍ഡ് എടുത്തു മാറ്റണം; ക്ഷേത്രങ്ങളെ മതവിദ്വേഷത്തിന്റെ ആയുധപ്പുരകളാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ലെന്ന് പു.ക.സ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th April 2021, 2:46 pm

കണ്ണൂര്‍: കുഞ്ഞിമംഗലം ശ്രി മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മുസ്‌ലീമുകള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡ് ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്നും എടുത്തുമാറ്റണമെന്നും പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍.

ജനാധിപത്യസാമൂഹ്യാവബോധം കൊണ്ടും പുരോഗമനചിന്തകൊണ്ടും മതരാഷ്ട്രവാദീ ഭീകരരെ വരച്ച വരക്കപ്പുറം നിര്‍ത്തിയ കണ്ണൂര്‍ ജില്ലയില്‍, മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ കേന്ദ്രമായ പയ്യന്നൂരിനടുത്ത ഒരു സ്ഥലത്താണ് ഈ ബോര്‍ഡ് എന്നത് നടുക്കമുണ്ടാക്കുന്ന സംഗതിയാണെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.

‘കുഞ്ഞിമംഗലം അടക്കം ജില്ലയിലെ പല സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കൂട്ടുകാരുടെ വീടുകളില്‍ താമസിക്കാനും എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. മതഭേദം മറന്നുള്ള മഹത്വമേറിയ മനുഷ്യസ്‌നേഹമാണ് എനിക്ക് അവിടെയെല്ലാം കാണാന്‍ കഴിഞ്ഞിട്ടുള്ളത്.

ഇസ്‌ലാമിനെ കരുണയുടെ മതമായും മുഹമ്മദ് നബിയെ ‘കരുണാവാന്‍ നബി മുത്തുരത്‌ന’മായും വിശേഷിപ്പിച്ച മഹാഗുരുവിന്റെ നാടാണ് കേരളം. ആരാധനാലയങ്ങള്‍ സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റേയും കേന്ദ്രമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേയും പള്ളികളിലേയും പൂരങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും ഇതരമതസ്ഥരുടേയും മതവിശ്വാസമില്ലാത്തവരുടേയും ഉത്സാഹത്തിലാണ് നടക്കുന്നത്. ക്രിസ്ത്യാനികള്‍ക്കും മുസ്‌ലീമുകള്‍ക്കും പ്രവശനാനുവാദമില്ലാത്ത ഒരു തൃശൂര്‍ പൂരപ്പറമ്പിനെ സ്വപ്നത്തില്‍ കണ്ട് ഞാന്‍ അങ്ങേയറ്റം ഭയപ്പെടുന്നു.

ക്ഷേത്രങ്ങളെ മതവിദ്വേഷത്തിന്റെ ആയുധപ്പുരകളാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പു നല്‍കുകയില്ല. കുഞ്ഞിമംഗലത്തു കണ്ട അനീതിയുടെ ഫലകത്തെ വലിച്ചെറിയാന്‍ ക്ഷേത്രവിശ്വാസികളുടെ ഉത്സാഹത്തിന്‍ അവിടത്തെ ജനങ്ങള്‍ തന്നെ മുന്നോട്ടു വരും എന്നു ഞാന്‍ കരുതുന്നു’, അശോകന്‍ ചരുവില്‍ ഫേസ്ബുക്കിലെഴുതി.

ക്ഷേത്രത്തിലെ ബോര്‍ഡിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബോഡിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ബോര്‍ഡ് ഇതേ ക്ഷേത്രത്തില്‍ തന്നെ സ്ഥാപിച്ചതാണെന്ന് പ്രദേശവാസികള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ക്ഷേത്ര അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

മല്ലിയോട്ട് പാലോട്ട് കാവില്‍ നടന്നു വരുന്ന വിഷുവിളക്ക് കൊടിയേറ്റ മഹോത്സത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ബോര്‍ഡ് ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചതെന്നും ആദ്യമായല്ല ഇത്തരത്തില്‍ ഒരു ബോര്‍ഡ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ashokan Charuvil Facebook Post Palotkkavu Temple Board