അന്ന് ആ മണിരത്‌നം ചിത്രത്തിന്റെ ഓഡിഷന് പോയപ്പോള്‍ അവസരം കിട്ടിയില്ല, 12 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമയില്‍ വേഷമുണ്ടെന്ന് പറഞ്ഞ് വിളിച്ചു: അശോക് സെല്‍വന്‍
ഒരുപിടി മികച്ച സിനിമകളിലൂടെ തമിഴില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത നടനാണ് അശോക് സെല്‍വന്‍. 2020ല്‍ പുറത്തിറങ്ങിയ ഓ മൈ കടവുളേ എന്ന സിനിമയിലൂടെ മലയാളികള്‍ക്കിടയിലും പ്രിയങ്കരനായി മാറി. പോര്‍ തൊഴില്‍, ബ്ലൂ സ്റ്റാര്‍ എന്നീ സിനിമകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തിലും താരം തന്റെ സാന്നിധ്യമറിയിച്ചു.
കമല്‍ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫാണ് അശോക് സെല്‍വന്റെ പുതിയ ചിത്രം. രവി മോഹനെയായിരുന്നു ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത്. പിന്നീട് ഈ വേഷം അശോക് സെല്‍വനിലേക്കെത്തുകയായിരുന്നു. എന്നാല്‍ താന്‍ സിനിമയിലെത്താന്‍ ആഗ്രഹിച്ച കാലത്ത് മണിരത്‌നത്തിന്റെ സിനിമയിലേക്ക് ഓഡിഷന് പോയിരുന്നെന്ന് പറയുകയാണ് താരം.
2013ല്‍ പുറത്തിറങ്ങിയ കടല്‍ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യം കണ്ട് താന്‍ ഫോട്ടോ അയച്ചിരുന്നെന്ന് അശോക് സെല്‍വന്‍ പറഞ്ഞു. മണിരത്‌നത്തിന്റെ ഓഫീസിന് പുറത്ത് താന്‍ ഒരുപാട് നേരം കാത്തിരുന്നെന്നും എല്ലാ നടന്മാരെയും തെരഞ്ഞെടുത്തെന്ന് അറിയിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. 12 വര്‍ഷത്തിനുപ്പറം അദ്ദേഹത്തിന്റെ സിനിമയിലേക്ക് അവസരം കിട്ടിയത് സ്വപ്‌ന സാക്ഷാത്കാരമാണെന്നും അശോക് സെല്‍വന്‍ പറയുന്നു. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മണിരത്‌നം സാറിന്റെ കടല്‍ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് 2012ല്‍ ഒരു പരസ്യം കണ്ടിരുന്നു. ആവേശത്തിന്റെ പുറത്ത് ഫോട്ടോയൊക്കെ അയച്ചു. നമ്മളെ സെലക്ട് ചെയ്‌തോ എന്നറിയാന്‍ വേണ്ടി മണി സാറിന്റെ ഓഫീസിന് പുറത്ത് പോയി കാത്തിരുന്നു. എന്നാല്‍ എല്ലാ ആര്‍ട്ടിസ്റ്റുകളെയും സെലക്ട് ചെയ്‌തെന്നായിരുന്നു മറുപടി.
തമിഴ് അറിയാവുന്ന അസിസ്റ്റന്റ് ഡയറക്ടറെ ആവശ്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആ വഴിക്ക് നോക്കി. എന്നാല്‍ മണി സാറിന്റെ എ.ഡി ശിവ ആനന്ദ് എന്നെ റിജക്ട് ചെയ്തു. 12 വര്‍ഷത്തിന് ശേഷം മണി സാറിന്റെ സിനിമയില്‍ വേഷമുണ്ടെന്ന് പറഞ്ഞ് ഇങ്ങോട്ട് വിളിച്ചപ്പോള്‍ എനിക്കത് സ്വപ്‌നം സാക്ഷാത്കരിച്ചതുപോലെയാണ് തോന്നുന്നത്,’ അശോക് സെല്‍വന്‍ പറയുന്നു.
36 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. തമിഴിലെ മികച്ച നടന്മാരിലൊരാളായ സിലമ്പരസനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. തൃഷയും അഭിരാമിയുമാണ് തഗ് ലൈഫിലെ നായികമാര്‍. ജോജു ജോര്‍ജ്, നാസര്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Ashok Selvan saying he got rejected from the audition of Maniratnam’s Kadal movie