ഒരുപിടി മികച്ച സിനിമകളിലൂടെ തമിഴില്‍ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത നടനാണ് അശോക് സെല്‍വന്‍. 2020ല്‍ പുറത്തിറങ്ങിയ ഓ മൈ കടവുളേ എന്ന സിനിമയിലൂടെ മലയാളികള്‍ക്കിടയിലും ഏറെ പ്രിയങ്കരനായി മാറിയിരുന്നു അദ്ദേഹം. വിഘ്‌നേഷ് രാജയുടെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ പോര്‍ തൊഴില്‍ എന്ന ചിത്രത്തിലെ അശോകിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കമല്‍ഹാസന്‍ മണിരത്‌നം കൂട്ട്‌ക്കെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ തഗ്
ലൈഫില്‍ അശോക് സെല്‍വനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിമ്പു, തൃഷ, ജോജു ജോര്‍ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ തഗ് ലൈഫ് സിനിമയെ കുറിച്ചും തനിക്ക് കമല്‍ ഹാസന്‍ എന്ന നടനോടുള്ള ആരാധനയെ കുറിച്ചും സംസാരിക്കുകയാണ് അശോക് സെല്‍വന്‍.
നാം കാണുന്ന സിനിമകളും പുസ്തകങ്ങളും പരിചയപ്പെടുന്ന ആളുകളുമൊക്കെ തന്നെയാണ് നമ്മളെ നമ്മളാക്കുന്നതെന്നും താന്‍ ഇവരുടെയൊക്കെ സിനിമകള്‍ കണ്ടാണ് വളര്‍ന്നതെന്നും അശോക് സെല്‍വന്‍ പറയുന്നു. എല്ലാവരെയും അടുത്തിരുന്ന് ഒബസര്‍വ് ചെയ്യാന്‍ തനിക്ക് ഒരു വലിയ അവസരം ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ കമല്‍ ഹാസന്റെ വലിയ ആരാധകനാണെന്നും ഈ സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ അവസരമായിരുന്നുവെന്നും അശോക് സെല്‍വന്‍ പറയുന്നു. കമല്‍ഹാസനെ പോലെ വലിയൊരു നടനെ ഈ സിനിമയിലൂടെ തനിക്ക് അടുത്ത് നിന്ന് നിരീക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തഗ് ലൈഫ് പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മളെ നമ്മളാക്കുന്നത് കാണുന്ന സിനിമകളും വായിക്കുന്ന പുസ്തകങ്ങളും പരിചയപ്പെടുന്ന മനുഷ്യന്മാരുമാണ്. അതിനപ്പുറത്തേക്ക് നമ്മുടെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് തമിഴ് സിനിമ. ഞാന്‍ ഇവരുടെയൊക്കെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ ഇവരുടെ കുടെ അഭിനയിക്കാനും കൂടെ വര്‍ക്ക് ചെയ്യാനും അടുത്തിരുന്ന ഒബ്‌സര്‍വ് ചെയ്യാനും എനിക്ക് ഒരു അവസരം ലഭിച്ചു. അതിന്റെ മുഖ്യമായ കാരണം മണി സാറാണ്. ഈ കഥാപാത്രത്തെ വിശ്വസിച്ച് എന്റെ കയ്യില്‍ തന്നതിന് അദ്ദേഹത്തിന് ഒരുപാട് നന്ദി.
എന്റെ ഏതെങ്കിലും ഒരു ഇന്റര്‍വ്യൂ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ ഞാന്‍ കമല്‍ ഹാസന്‍ എന്ന നടനെ ഏത്രത്തോളം ആരാധിക്കുന്നുണ്ടെന്ന് മനസിലാകും. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധകനാണ്. എനിക്കിപ്പോള്‍ കിട്ടിയിരിക്കുന്നത് ഒരു വലിയ അവസരമാണ്. മണി സാറാണ് ആക്ഷന്‍ പറയുന്നത്, അടുത്ത് കമല്‍ സാറാണ് ഉള്ളത്. ആകെ ഒരു മായം പോലെയാണ് ഷൂട്ടിങ്ങ് എനിക്ക് പകുതിയോളം ദിവസം പോയത്.
എനിക്ക് ഒരു സിനിമകൂടി അദ്ദേഹത്തിന്റെ കൂടെ ചെയ്യാന്‍ അവസരം തരണമെന്ന് ഞാന്‍ റിക്വസ്റ്റ് ചെയ്യുകയാണ് ഇപ്പോള്‍. ഞാന്‍ കമല്‍ സാറിന്റെ വലിയ ഫാനാണ്. അദ്ദേഹത്തെ പോലെ ഒരു വലിയ നടനെ അടുത്ത് നിന്ന് നിരീക്ഷിക്കാന്‍ എനിക്ക് ഒരു ചാന്‍സ് ലഭിച്ചു,’ അശോക് സെല്‍വന്‍ പറയുന്നു.