ഒന്നും രണ്ടുമല്ല, പതിനായിരം രൂപയാണ് വോട്ട് ചെയ്യാന്‍ വേണ്ടി ഓരോ സ്ത്രീകള്‍ക്കും ബി.ജെ.പി കൊടുത്തത്: അശോക് ഗെഹ്‌ലോട്ട്
India
ഒന്നും രണ്ടുമല്ല, പതിനായിരം രൂപയാണ് വോട്ട് ചെയ്യാന്‍ വേണ്ടി ഓരോ സ്ത്രീകള്‍ക്കും ബി.ജെ.പി കൊടുത്തത്: അശോക് ഗെഹ്‌ലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th November 2025, 12:33 pm

ജയ്പൂര്‍: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മഹാഗഡ്ബന്ധന്‍ സഖ്യവും നേരിട്ട തിരിച്ചടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട്.

മഹാഗഡ്ബന്ധന്‍ സഖ്യത്തെ തോല്‍പ്പിക്കാനായി ബി.ജെ.പി ഓരോ സ്ത്രീകള്‍ക്കും 10000 രൂപ വീതം നല്‍കിയെന്നായിരുന്നു അശോക് ഗെഹ്‌ലോട്ടിന്റെ പ്രതികരണം.

10,000 രൂപ വീതം നല്‍കി ബി.ജെ.പി തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കിയെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ‘ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നിരാശാജനകമാണ്, അതില്‍ സംശയമില്ല. എന്നാല്‍ അവിടെ ഞാന്‍ കണ്ട ചില കാര്യങ്ങളുണ്ട്. അത് പറയാതിരിക്കാനാവില്ല.

അവിടെ സ്ത്രീകള്‍ ഓരോരുത്തര്‍ക്കും 10,000 വീതം നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ പോലും അത് നല്‍കിക്കൊണ്ടിരുന്നു. ഇതിനെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദ കാഴ്ചക്കാരായി.

എന്തുകൊണ്ട് അതിനെതിരെ നടപടിയെടുത്തില്ല. അവര്‍ പ്രതികരിക്കേണ്ടതല്ലായിരുന്നോ. അത് ചെയ്തില്ല,’ അശോക് ഗെഹ്‌ലോട്ട് ചോദിച്ചു.

ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ(എം.എല്‍), വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, ഇന്ത്യന്‍ ഇന്‍ക്ലുസീവ് പാര്‍ട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മഹാഗഡ്ബന്ധന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചരണം.

യുവ വോട്ടര്‍മാര്‍ക്കിടയില്‍ തേജസ്വി യാദവിന് വലിയ സ്വാധീനം നേടാനാകുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും പ്രതീക്ഷിച്ച രീതിയിലുള്ള റിസള്‍ട്ടല്ല വിവിധ മണ്ഡലങ്ങളില്‍ നിന്നും പുറത്തുവരുന്നത്. നിലവില്‍ 32 സീറ്റുകളില്‍ മാത്രമാണ് ആര്‍.ജെ.ഡി മുന്നേറുന്നത്.

കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാകരമായി ഇത്തവണയും തുടരുകയാണ്. വെറും ആറിടത്ത് മാത്രമായി കോണ്‍ഗ്രസ് ചുരുങ്ങിക്കഴിഞ്ഞു. അതേസമയം ഏഴിടത്ത് സി.പി.ഐ.എം.എല്‍ ലീഡ് ചെയ്യുന്നുണ്ട്.

Content Highlight: Ashok Gehlot claims Bihar women given ?10,000 to vote as Mahagathbandhan trails