രാവണനെ ഇല്ലാതാക്കി രാജസ്ഥാനില്‍ രാമരാജ്യം സ്ഥാപിക്കണമെന്ന് ശേഖാവട്ട്; നിങ്ങള്‍ രാമനാണെങ്കില്‍ പാവങ്ങളുടെ പണം നല്‍കൂവെന്ന് ഗെഹ്‌ലോട്ട്
national news
രാവണനെ ഇല്ലാതാക്കി രാജസ്ഥാനില്‍ രാമരാജ്യം സ്ഥാപിക്കണമെന്ന് ശേഖാവട്ട്; നിങ്ങള്‍ രാമനാണെങ്കില്‍ പാവങ്ങളുടെ പണം നല്‍കൂവെന്ന് ഗെഹ്‌ലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th April 2023, 12:32 pm

ജയ്പൂര്‍: കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശേഖാവട്ടിന്റെ രാവണന്‍ പരാമര്‍ശത്തിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.

രാജസ്ഥാന്‍ സര്‍ക്കാരിന് രാവണന്റെ രൂപമാണെന്ന് ശേഖാവട്ട് പറഞ്ഞിരുന്നു. അതിനെതിരെയാണ് ഇപ്പോള്‍ ഗെഹ്‌ലോട്ട് രംഗത്തെത്തിയിരിക്കുന്നത്.

‘ഗെഹ്‌ലോട്ടിന് രാവണന്റെ രൂപമാണെന്നും അത് ഇല്ലാതാക്കേണ്ടതുണ്ടെന്നും ശേഖാവട്ട് പറഞ്ഞിരുന്നു.

ഞാനതിനെയും സ്വാഗതം ചെയ്യുന്നു. ഞാന്‍ രാവണനാണെങ്കില്‍ നിങ്ങള്‍ മര്യാദ പുരുഷോത്തമനായ രാമനാണെന്ന് സ്വയം കരുതുക. എന്നിട്ട് പാവങ്ങള്‍ക്ക് അവരുടെ പണം തിരികെ നല്‍കണം. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ രാമനും ഞാന്‍ രാവണനും ആണെന്ന് ഞങ്ങള്‍ പറയാം,’ അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

രാമായണത്തിലെ പത്ത് തലയുള്ള രാവണനെ പോലെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ എന്ന് ശേഖ് വാട്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘രാവണന് പത്ത് തലയുണ്ട്. അതുപോലെ രാജസ്ഥാന്‍ സര്‍ക്കാരിനും പത്ത് തലയുണ്ട്. ഈ സര്‍ക്കാര്‍ അഴിമതിയുടെ തുടക്കക്കാരാണ്, കര്‍ഷക വിരുദ്ധരാണ്, സ്ത്രീകളെ അടിച്ചമര്‍ത്തുന്നവരാണ്.

ഗുണ്ടാരാജിനെയും മാഫിയാ രാജിനെയും ഈ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ഈ സര്‍ക്കാര്‍ കൊള്ളയടിക്കുന്നവരുടെയും തൊഴിലില്ലായ്മ പടര്‍ത്തുന്നവരുടെയും ഒറ്റിക്കൊടുക്കുന്നവരുടെയും ആണ്. ഈ രാഷ്ട്രീയ രാവണനെ ഇല്ലാതാക്കി രാജസ്ഥാനില്‍ രാമരാജ്യം സൃഷ്ടിക്കണം,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

CONTENT HIGHLIGHT: ASHOK GEHLOT AGAINST GAJENDRA SING SHEKHAVATT