ഐ.ജി. ഗീത പ്രഭാകറിന് വേണ്ടി കോണ്‍ഫിഡന്‍സ് തന്നത് ജീത്തു സാറും ലാല്‍ സാറും: ആശ ശരത്
Malayalam Cinema
ഐ.ജി. ഗീത പ്രഭാകറിന് വേണ്ടി കോണ്‍ഫിഡന്‍സ് തന്നത് ജീത്തു സാറും ലാല്‍ സാറും: ആശ ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th July 2025, 4:15 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് ആശ ശരത്. അവരുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ഐ.ജി. ഗീത പ്രഭാകര്‍. ഇപ്പോള്‍ തനിക്ക് ആ കഥാപാത്രം ചെയ്യാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ആശ ശരത്.

എങ്ങനെയത് ചെയ്യുമെന്നും ആ ബോഡി ലാഗ്വേജ് എങ്ങനെ ശരിയാകുമെന്നുമുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും നടി പറയുന്നു. ഇന്ത്യഗ്ലിറ്റ്‌സ് തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആശ.

‘മലയാളത്തിലും തമിഴിലും ഗീത പ്രഭാകര്‍ എന്ന കഥാപാത്രമായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ദൃശ്യത്തിന്റെ കന്നഡയില്‍ രൂപ ചന്ദ്രശേഖര്‍ എന്ന കഥാപാത്രമായിട്ടാണ് എത്തിയത്. ആ കഥാപാത്രത്തിന് വേണ്ടി ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യമായിരുന്നു.

ഞാന്‍ ഒരു ഡാന്‍സര്‍ ആയിരുന്നത് കൊണ്ട് എനിക്ക് ചുറ്റും എപ്പോഴും ചിലങ്കയുടെ ശബ്ദവും പൂക്കളുമുണ്ടാകും. അതുപോലെ സാരിയുടുത്ത് മുടി പിരിച്ചുകെട്ടി വെക്കുകയാണ് ചെയ്യാറുള്ളത്. എന്റെ ജീവിതം ആ രീതിയിലാണ് മുന്നോട്ട് പോയിരുന്നത്.

ജീത്തു സാര്‍ ദൃശ്യത്തിന്റെ കഥ പറയാന്‍ വന്ന സമയത്ത് ഞാന്‍ ശരിക്കും പേടിച്ചു. ‘പൊലീസോ? ഞാനോ?’ എന്നാണ് ഞാന്‍ ചോദിച്ചത്. സത്യത്തില്‍ ജീത്തു സാറും ലാല്‍ സാറും തന്ന കോണ്‍ഫിഡന്‍സിലാണ് ഞാന്‍ ഗീത ഐ.പി.എസ് ആകുന്നത്.

എനിക്ക് ആ കഥാപാത്രം ചെയ്യാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍, ഒരിക്കലും ഇല്ല. എങ്ങനെ ഞാനത് ചെയ്യും, ആ ബോഡി ലാഗ്വേജ് എങ്ങനെ ശരിയാകും എന്നൊക്കെ ഓര്‍ത്തിരുന്നു. എവിടെയോ എനിക്ക് ചെറിയ ഭയം ഉണ്ടായിരുന്നു എന്നതാണ് സത്യം,’ ആശ ശരത് പറയുന്നു.


Content Highlight: Asha Sharath Talks About Drishyam Movie And Her Character