വിവാഹം കഴിഞ്ഞവര്‍ക്കും പ്രണയിക്കാം പക്ഷെ, സമൂഹത്തെക്കുറിച്ചും ചിന്തിക്കണം: ആശ ശരത്
Entertainment news
വിവാഹം കഴിഞ്ഞവര്‍ക്കും പ്രണയിക്കാം പക്ഷെ, സമൂഹത്തെക്കുറിച്ചും ചിന്തിക്കണം: ആശ ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th November 2022, 6:14 pm

പ്രണയം തോന്നാന്‍ പ്രായം ഒരു പ്രശ്‌നമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ആശ ശരത്. പ്രണയിക്കാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്നും, എന്നാല്‍ വിവാഹിതരായവര്‍ പ്രണയിക്കുമ്പോള്‍ സമൂഹത്തെക്കുറിച്ച് ചിന്തിക്കണമെന്നും പറയുകയാണ് താരം. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്.

‘ഒരാള്‍ക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നിയാല്‍ അതിന് പ്രായം ഒന്നും പ്രശ്‌നമല്ല എന്നാണ് ഞാന്‍ കരുതുന്നത്. അതൊക്കെ ഓരോ വ്യക്തികളുടെയും കാഴ്ച്ചപ്പാടാണ്. പ്രായം കുറഞ്ഞ ഒരു ആണ്‍കുട്ടി തന്നേക്കാള്‍ പ്രായംകൂടിയ പെണ്‍കുട്ടിയെ പ്രണയിക്കുന്നതില്‍ ഒരു തെറ്റുമില്ല.

പണ്ട് കാലത്തായിരുന്നു ഇതൊക്കെ വലിയ പ്രശ്‌നമായി കരുതിയിരുന്നത്. ഇന്ന് പ്രണയിക്കാനും വിവാഹം കഴിക്കാനും ഒന്നും പ്രായം ഒരു പ്രശ്‌നമേ അല്ല. അതുപോലെ ഉയര്‍ന്നു വരുന്ന മറ്റൊരു ചോദ്യമാണ്, വിവാഹിതരായവര്‍ക്ക് പ്രണയിക്കാമോ എന്നത്. അങ്ങനത്തെ ചോദ്യം തന്നെ ആവശ്യമില്ല.

ആര്‍ക്കും ആരോട് വേണമെങ്കിലും പ്രണയം തോന്നാം. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അതുകൊണ്ട് തന്നെ പ്രണയം തോന്നാനും സാധ്യതയുണ്ട്. കാരണം മനുഷ്യന്‍ മോണോഗമിക്ക് അല്ല, പോളിഗമിക്കാണ്. ഞാന്‍ കല്ല്യാണം കഴിഞ്ഞ ഒരാളാണ് അതുകൊണ്ട് ഇനി മറ്റാരോടും പ്രണയം തോന്നില്ല എന്നൊക്കെ പറയുന്നത് സത്യസന്ധമല്ല.

എന്നാല്‍ അവിടെയാണ് നമ്മള്‍ നമ്മുടെ അതിരുകള്‍ തീരുമാനിക്കേണ്ടത്. നമുക്ക് ഒരു കുടുംബമുണ്ടെന്നും, നമ്മള്‍ കമ്മിറ്റഡാണെന്നും ചുറ്റിലും ഒരു സമൂഹമുണ്ടെന്നും നമ്മള്‍ ചിന്തിക്കണം. നമുക്ക് ചുറ്റും നമ്മള്‍ സ്വയം ഒരു വര വരച്ചുവെക്കണം അവിടെയാണ് കുടുംബഭദ്രതയിരിക്കുന്നത്,’ ആശ ശരത് പറഞ്ഞു.

‘ഖെദ്ദ’യാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മനോജ് കാനയുടെ സംവിധാനത്തില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മിച്ച് ഡിസംബര്‍ 2നാണ് സിനിമ തിയേറ്ററിലെത്തുന്നത്. സുദേവ് നായര്‍, സുധീര്‍ കരമന, ഉത്തര ശരത് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. ആഗസ്റ്റില്‍ റിലീസായ സന്‍ഫീര്‍ കെയുടെ പീസാണ് താരത്തിന്റെ അവസാന സിനിമ.

CONTENT HIGHLIGHT: ASHA SARATH SAYS HER OPINION