
[]കോഴിക്കോട്: ദേശീയപാത വികസനത്തില്‍ കിടപ്പാടം നഷ്ടപ്പെടുന്നവരെ അവഹേളിച്ച് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്.
ദേശീയപാതയുടെ വീതി കൂട്ടിയേ തീരൂവെന്നും ആര്യാടന്‍ പറഞ്ഞു. റോഡ് വികസനം എതിര്‍ക്കുന്നവര്‍ തീവ്രവാദികളാണെന്നാണ് ആര്യാടന്റെ പരാമര്‍ശം.
ദേശീയപാത വികസനത്തിന്റെ പേരില്‍ കിടപ്പാടം നഷ്ടമാകുന്ന ഇരകള്‍ ലീഗ് ഹൗസിന് മുന്നില്‍ പ്രകടനം നടത്തുന്നതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇരകളെ വെല്ലുവിളിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു.
മാധ്യമങ്ങളെ കാണിക്കാന്‍ വേണ്ടിയുള്ളതാണ് പ്രകടനമെന്നും ഇത് തങ്ങള്‍ കുറേ കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി ഇരകളെ വെല്ലുവിളിച്ചു. ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്‌തോ. ലീഗ് ഹൗസാണ് ഇതെന്ന് ഓര്‍മവേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുടിയിറക്ക് ഭീഷണി നേരിടുന്ന മലപ്പുറത്ത് നിന്നുള്ളവരാണ് പ്രതിഷേധം നടത്തിയത്.
കിടപ്പാടം നഷ്ടപ്പെടുന്നവന്റെ വേദന നേതാക്കള്‍ക്കറിയില്ലെന്നും തങ്ങളെ തീവ്രവാദികളും വര്‍ഗീയവാദികളുമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു.
