അടുത്തിടെ ഇറങ്ങി മികച്ച വിജയം സ്വന്തമാക്കിയ ചിത്രമാണ് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട. 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസിന് പുറമെ ചേരന്‍, സുരാജ് വെഞ്ഞാറമൂട്, എന്നിങ്ങനെ വന്‍താരനിര അണിനിരന്നിരുന്നു.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി വേഷമിട്ട നടിയാണ് ആര്യ സലിം. ആദിവാസി നേതാവായ സി.കെ. ശാന്തി എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. നരിവേട്ടയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമ നല്‍കിയ മറ്റ് സന്തോഷങ്ങളെ കുറിച്ചും ആര്യ സലീം സംസാരിക്കുന്നു.
സി.കെ.ശാന്തിയെന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായിരുന്നു ഏറ്റവും വെല്ലുവിളിയെന്നും നഗരത്തില്‍ ജീവിക്കുന്നൊരാളായ തനിക്ക് ഗോത്ര സമൂഹത്തിന്റെ ഭാഷയും സംസ്‌കാരശീലങ്ങളുംശീലങ്ങളും തീര്‍ത്തും അപരിചിതമാണെന്നും ആര്യ പറഞ്ഞു. അതിനുവേണ്ടി നടത്തിയ തയ്യാറെടുപ്പുകളാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്നും വണ്ണം കൂട്ടുകയും, ഗോത്രസ മൂഹത്തിന്റെ ഭാഷ പഠിക്കുകയും അവരുടെ പെരുമാറ്റവും ശീലങ്ങളുമൊക്കെ കണ്ട് മനസിലാക്കുകയും ചെയ്തുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
സിനിമ കണ്ട് എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞുവെന്നും അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്നും ആര്യ പറഞ്ഞു. ബേസില്‍ ജോസഫും ടൊവിനോയുമൊക്കെ മെസേജ് ചെയ്തിരുന്നുവെന്നും ശാന്തി അടിപൊളിയാണെന്നാണ് ടൊവിനോ പറഞ്ഞതെന്നും അവര്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു ആര്യ സലിം.
‘സി.കെ.ശാന്തിയെന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതിലായിരുന്നു വെല്ലുവിളി. നഗരത്തില്‍ ജീവിക്കുന്നൊരാളായ ഞാന്‍ എനിക്ക് പരിചയമില്ലാത്ത ഗോത്രസഹോദരങ്ങളുടെ ജീവിതം ചെയ്യാന്‍ പോകുന്നു. അവരുടെ ഭാഷയും സംസ്‌കാരശീലങ്ങളും എനിക്ക് തീര്‍ത്തും അപരിചിതമാണ്. അതിനുവേണ്ടി നടത്തിയ തയ്യാറെടുപ്പുകളാണ് വെല്ലുവിളിയായത്. വണ്ണം കൂട്ടി. ഗോത്രസമൂഹത്തിന്റെ ഭാഷ പഠിച്ചു. അവരുടെ പെരുമാറ്റവും ശീലങ്ങളുമൊക്കെ കണ്ട് മനസിലാക്കി അവരിലൊരാളായി ചേര്‍ന്നുനിന്നു.
ഞങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ട് തോന്നരുതല്ലോ. അവരുമായി ഇടപഴകിയതുകൊണ്ട് സിനിമയ്ക്ക് അത് ഏറെ ഗുണംചെയ്തിട്ടുണ്ട്. അമ്മമാരും കുട്ടികളുമൊക്കെയായി ഞങ്ങള്‍ നല്ല അടുപ്പത്തിലായി. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു, എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം. ബേസില്‍ ജോസഫും ടൊവിനോയുമൊക്കെ മെസേജ് ചെയ്തിരുന്നു. ശാന്തി അടിപൊളിയാണെന്നാണ് ടൊവി പറഞ്ഞത്,’ ആര്യ സലിം പറയുന്നു.
Content Highlight: Arya Salim talks about her character in Narivetta