ആ നടന്‍ സെറ്റില്‍ എവിടെയും ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല; എപ്പോഴും എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കും: ആര്യ സലിം
Entertainment
ആ നടന്‍ സെറ്റില്‍ എവിടെയും ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല; എപ്പോഴും എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കും: ആര്യ സലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 12:57 pm

തിയേറ്ററില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട. 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസിന് പുറമെ ചേരന്‍, സുരാജ് വെഞ്ഞാറമൂട്, എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്നുണ്ട്.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി വേഷമിട്ട നടിയാണ് ആര്യ സലിം. ആദിവാസി നേതാവായ സി.കെ. ശാന്തി എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. ഇപ്പോള്‍ ചേരനെ കുറിച്ച് സംസാരിക്കുകയാണ് ആര്യ സലിം.

ചേരനെ ചെറുപ്പം മുതലെ കാണുന്നതാണെന്നും അദ്ദേഹത്തെ സെറ്റില്‍ കാണുമ്പോഴെല്ലാം ഒരു ആരാധനയാണ് തോന്നിയിരുന്നതെന്നും ആര്യ സലിം പറയുന്നു. ചേരന്‍ വളരെ സിമ്പിളായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ വളരെ കംഫര്‍ട്ടബിളായിരുന്നുവെന്നും ആര്യ പറയുന്നു.

നമ്മുടെ കൂടെ പെര്‍ഫോമെന്‍സിനെ നന്നായി മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ഒരു സപ്പോര്‍ട്ടാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചേരന്‍ സെറ്റില്‍ എവിടെയും ഇരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം എല്ലാവരെയും നിരീക്ഷിക്കുകയായിരിക്കുമെന്നും ആര്യ പറയുന്നു. ഒരു സംവിധായകന്‍ കൂടെ ആയതിനാല്‍ അതിന്റേതായ എല്ലാ ക്വാളിറ്റിയും ചേരനുണ്ടെന്നും അവര്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ആര്യ സലിം.

‘ചേരന് സാറിനെ ചെറുപ്പത്തിലെ തൊട്ട് നമ്മള്‍ കാണുന്നതാണല്ലോ. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് എന്ന സിനിമയൊക്കെ കണ്ടതാണ്. നമുക്ക് അദ്ദേഹത്തെ കാണുമ്പോള്‍ ഭയങ്കര ആരാധനയായിരുന്നു. പക്ഷേ വളരെ സിമ്പിളായിട്ടൊരു മനുഷ്യനായിരുന്നു. സിനിമയില്‍ ഓപ്പോസിറ്റ് ആയിട്ടുള്ള സീനുകളൊക്കെ വരുമ്പോള്‍ നമ്മള്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടബിളാണ്. പേടി തോന്നി മാറി നില്‍ക്കണ്ട അവസ്ഥയോ അല്ലെങ്കില്‍ അതുകൊണ്ട് നമ്മുടെ പെര്‍ഫോമന്‍സിനെ ബാധിക്കുകയോ ഒന്നും ഇല്ല.

ശരിക്കും നമ്മുടെ പെര്‍ഫോമന്‍സിനെ മെച്ചപ്പെടുത്തുന്ന തരത്തിലുള്ള സപ്പോര്‍ട്ടാണ് അദ്ദേഹത്തിന്റെ അടുത്തു നിന്നുണ്ടാകുക. ആളൊരു സ്ഥലത്ത് ഇരുന്ന് ഞാന്‍ കണ്ടിട്ടില്ല. ആള്‍ നടന്ന് എല്ലാവരെയും നിരീക്ഷിക്കുക, കാണുക അങ്ങനെയായിരുന്നു. അദ്ദേഹം ഒരു സംവിധായകനും കൂടെയാണല്ലോ അതിന്റെതായ ക്വാളിറ്റികൂടെ ഉണ്ട്. സെറ്റില്‍ അഭിനയിച്ച് പരിചയമില്ലാത്തവര്‍ക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കുകയാണ് ചെയ്യുക. ഒരു സ്റ്റാര്‍ഡം പോലെയൊന്നും ഞാന്‍ കണ്ടില്ല,’ ആര്യ സലിം പറയുന്നു.

Conte Highlight: Arya Salim talks about Cheran