ഷൂട്ട് അവസാനിക്കാറായപ്പോഴാണ് ഞാന്‍ സി.കെ. ജാനു മാമിനെ കാണുന്നത്, വല്ലാത്തൊരു പ്രൗഡ് മൊമന്റായിരുന്നു അത്: ആര്യ സലിം
Entertainment
ഷൂട്ട് അവസാനിക്കാറായപ്പോഴാണ് ഞാന്‍ സി.കെ. ജാനു മാമിനെ കാണുന്നത്, വല്ലാത്തൊരു പ്രൗഡ് മൊമന്റായിരുന്നു അത്: ആര്യ സലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 8:03 am

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായ നരിവേട്ട. ഇഷ്‌കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2003ല്‍ നടന്ന മുത്തങ്ങ വെടിവെപ്പിനെ ആസ്പദമാക്കിയാണ് ഒരുങ്ങിയത്. ചരിത്രത്തെ അടയാളപ്പെടുത്തുന്ന സിനിമയെന്നാണ് പലരും നരിവേട്ടയെ വിശേഷിപ്പിക്കുന്നത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി വേഷമിട്ട നടിയാണ് ആര്യ സലിം. ആദിവാസി നേതാവായ സി.കെ. ശാന്തി എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. മുത്തങ്ങ സമരത്തില്‍ മുന്‍പന്തിയില്‍ നിന്ന് സി.കെ. ജാനുവിനെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് സി.കെ. ശാന്തി. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യ സലിമിന്റെ മികച്ച പ്രകടനമായിരുന്നു നരിവേട്ടയിലേത്.

സി.കെ. ജാനുവിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ആര്യ സലിം. സംവിധായകന്‍ അനുരാജ് മനോഹറും എഴുത്തുകാരന്‍ അബിന്‍ ജോസഫും കൂടിയാണ് തന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് ആര്യ പറഞ്ഞു. മുത്തങ്ങ സമരത്തെക്കുറിച്ച് കേട്ടിട്ടേയുള്ളൂവെന്നും സിനിമക്ക് വേണ്ടി സി.കെ. ജാനുവിന്റെ പുസ്തകം വായിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ആര്യ സലിം.

‘ഡയറക്ടര്‍ അനുരാജും റൈറ്റര്‍ അബിനുമാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. ഇതുപോലെ സി.കെ. മാമിന്റെ ക്യാരക്ടറാണ് ഞാന്‍ ചെയ്യേണ്ടതെന്ന് അവര്‍ പറഞ്ഞു. മുത്തങ്ങ സമരത്തെക്കുറിച്ച് കേട്ടിട്ടേയുള്ളൂ. ആ കഥാപാത്രത്തിന് വേണ്ടി സി.കെ. ജാനു മാമിന്റെ പുസ്തകം വായിക്കുകയുണ്ടായി. അതൊക്കെ കഥാപാത്രത്തിന് ഗുണം ചെയ്തു.

ഷൂട്ട് തീരാന്‍ കുറച്ച് ദിവസം ബാക്കിയുള്ളപ്പോഴാണ് ഞാന്‍ സി.കെ. ജാനു മാമിനെ നേരിട്ട് കാണുന്നത്. വല്ലാത്തൊരു പ്രൗഡ് മൊമന്റായിരുന്നു എനിക്ക് അത്. മാമിന്റെ ഉള്ളില്‍ ഇപ്പോഴും ആ എനര്‍ജിയുണ്ടെന്ന് അവരോട് സംസാരിക്കുമ്പോള്‍ നമുക്ക് ഫീല്‍ ചെയ്യും. ആ എനര്‍ജി നമ്മളിലേക്കും കിട്ടും. അത്രക്ക് നല്ല പേഴ്‌സണാലിറ്റിയാണ് അവരുടേത്,’ ആര്യ സലിം പറയുന്നു.

വന്‍ താരനിരയാണ് നരിവേട്ടയില്‍ അണിനിരക്കുന്നത്. തമിഴിലെ മികച്ച നടന്മാരിലൊരാളായ ചേരന്‍, സുരാജ് വെഞ്ഞാറമൂട്, പ്രണവ് ടിയോഫൈന്‍, പ്രിയംവദ കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീതം. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Arya Salim shares the experience of playing C K Jaanu’s role in  Narivetta movie