ഡസ്‌കി ടോണ്‍ ഉള്ള നായികയാണെങ്കില്‍ നിങ്ങള്‍ക്ക് വേറെ ആരെയും കിട്ടിയില്ലേ എന്ന കമന്റുകള്‍ കാണാറുണ്ട്: ആര്യ സലിം
Entertainment
ഡസ്‌കി ടോണ്‍ ഉള്ള നായികയാണെങ്കില്‍ നിങ്ങള്‍ക്ക് വേറെ ആരെയും കിട്ടിയില്ലേ എന്ന കമന്റുകള്‍ കാണാറുണ്ട്: ആര്യ സലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd June 2025, 8:41 am

 

തിയേറ്ററില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട. 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസിന് പുറമെ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്നുണ്ട്.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി വേഷമിട്ട നടിയാണ് ആര്യ സലിം. ആദിവാസി നേതാവായ സി.കെ. ശാന്തി എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. ഇപ്പോള്‍ ഡസ്‌കി ടോണ്‍ ഉള്ള നായികമാരാണെങ്കില്‍ വേറെ ആരെയും കിട്ടിയില്ലേ എന്ന കമന്റുകള്‍ കാണാറുണ്ടെന്ന് ആര്യ സലീം പറയുന്നു.

കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മേക്ക്ഡൗണ്‍ ചെയ്യണമെന്നും മലയാള സിനിമയാണ് കാര്യങ്ങളെ കൂടുതല്‍ റിയലായി കാണിക്കാന്‍ ശ്രമിക്കുന്നതെന്നും ആര്യ പറയുന്നു. വീട്ട് ജോലിക്കാരിയുടെ വേഷമാണ് ചെയ്യുന്നതെങ്കില്‍ അവരെ കറുപ്പിക്കുന്ന ഒരു പ്രവണത കാണമെന്നും തനിക്ക് അതിനോട് യോജിപ്പില്ലെന്നും ആര്യ പറയുന്നു. അത്തരത്തില്‍ ഒരു കാറ്റഗറൈസേഷന്‍ തനിക്ക് തോന്നിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു ആര്യ.

‘കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മേക്ക്ഡൗണ്‍ ചെയ്‌തേ പറ്റുകയുള്ളു. മലയാള സിനിമയാണ് കുറച്ചു കൂടി റിയലിനോട് അടുത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. പിന്നെ മറ്റൊരു കാര്യമുണ്ട്. ചില ക്യാരക്ടര്‍ ചെയ്യണമെങ്കില്‍, വീട്ട് ജോലിക്കാരിയാണെങ്കില്‍ മേക്ക്ഡൗണ്‍ ചെയ്യണം അല്ലെങ്കില്‍ കറുപ്പിച്ച് കാണിക്കണം എന്നുള്ളതിനോടും എനിക്ക് യോജിപ്പില്ല.

നമ്മുടെ അടുത്ത് ഇപ്പോള്‍ ജോലിക്ക് വരുന്നവരാണെങ്കിലും എല്ലാവരും നിറം കുറഞ്ഞവരൊന്നും അല്ലല്ലോ. അതും ഒരു കാറ്റഗറൈസ് ചെയ്യുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. അതിനോട് എനിക്ക് യോജിപ്പില്ല. ഒരു ഡസ്‌കി ടോണുള്ള നായികയാണെങ്കില്‍ ചിലര്‍ കമന്റ് ഇടുന്നത് ‘നിങ്ങള്‍ക്കൊന്നും വേറെ ആരെയും കിട്ടിയില്ലേ’ എന്നാണ്. അത് കാലങ്ങളായി ഇന്‍ജക്ട് ചെയ്ത് വെച്ച ഒരു സംഭവമാണെന്ന് തോന്നുന്നു,’ ആര്യ സലിം പറയുന്നു.

Content Highlight: Arya Salim says that she often sees comments asking if there was anyone else she could have chosen for a heroine with a dusky tone.