തിയേറ്ററില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട. 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസിന് പുറമെ ചേരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്നുണ്ട്.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി വേഷമിട്ട നടിയാണ് ആര്യ സലിം. ആദിവാസി നേതാവായ സി.കെ. ജാനു എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിച്ചത്. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉള്ള അനുഭവം പങ്കുവെക്കുകയാണ് ആര്യ സലീം.
ഡമ്മി ലാത്തികൊണ്ടാണ് അടികിട്ടുകയെന്നും തങ്ങളുടെ ശരീരത്തില്‍ പാഡ് വെച്ചിട്ടുണ്ടെന്നും ആര്യ പറയുന്നു. എന്നാല്‍ ചിലപ്പോള്‍ പാഡ് ദേഹത്ത് നിന്ന് മാറി പോകുമായിരുന്നുവെന്നും അപ്പോള്‍ അടിയും ചവിട്ടുമൊക്കെ ദേഹത്ത് ശരിക്കും കിട്ടുമെന്നും അവര്‍ പറയുന്നു.
ഡമ്മി ലാത്തിയാണെങ്കില്‍ കൂടി ഉള്ളില്‍ പി.വി.സി പൈപ്പ് ഉണ്ടാകുമായിരുന്നുവെന്നും ദേഹത്ത് നീലപ്പാടൊക്കെ വന്നിട്ടുണ്ടെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. ഡമ്മി ലാത്തി കൊണ്ട് അടി കിട്ടിയിട്ട് പോലും ഇത്രത്തോളം എഫക്ട് ഉണ്ടായെങ്കില്‍ അത് ശരിക്കും സംഭവിച്ചവരുടെ അവസ്ഥ താന്‍ അപ്പോള്‍ ഓര്‍ത്തുവെന്നും ആര്യ പറഞ്ഞു. വണ്‍ ടു ടോക്‌സില്‍ സംസാരിക്കുകയായിരുന്നു അവസ്ഥ.
‘ഈ ലാത്തി ഡമ്മിയാണ്. പക്ഷേ നമ്മുടെ ശരീരത്തില്‍ പാഡും വെച്ചിട്ടുണ്ട്. എന്നെ തല്ലിയതൊക്കെ മാസ്റ്ററിന്റെ അസിസ്റ്റന്റ് ആണ്. പക്ഷേ എന്നാല്‍ കൂടെ നമ്മള്‍ ആ സ്ട്രഗിളിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തള്ളുകയും പിടിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ പാഡൊക്കെ മൂവ് ചെയ്യും. അപ്പോള്‍ ഈ അടിയും ചവിട്ടുമൊക്കെ കറക്റ്റ് നമ്മുടെ ദേഹത്ത് വീഴും.
കാരണം ഡമ്മി ലാത്തിയാണെങ്കിലും അത് ഒടിഞ്ഞുപോകാതിരിക്കാന്‍ ഉള്ളില്‍ പി.വി.സി പൈപ്പ് ഉണ്ടാകും. പി.വി.സി പൈപ്പ് കൊണ്ട് അടി കിട്ടുന്നത് പോലെ തന്നെ ഉണ്ടാകും അത്. ഇതൊക്കെ കഴിഞ്ഞ് ചെന്ന് നോക്കുമ്പോള്‍ മുതുകത്ത് നീലപ്പാട് ഉണ്ടാകും. താനും ചേച്ചിയും കൂടി പറഞ്ഞ ഒരു കാര്യം ഇതാണ്, ഡമ്മി ലാത്തി കൊണ്ട് അടിച്ചിട്ട് നീലപ്പാട് ഉണ്ടെങ്കില്‍ ഒറിജിനല്‍ ലാത്തി കൊണ്ട് അടി കിട്ടിയവരുടെ അവസ്ഥ താങ്ങാന്‍ പറ്റാത്തതായിരിക്കും,’ ആര്യ സലീം പറയുന്നു.
Content highlight: Arya Saleem is sharing her experience while acting in films.