വൈഷ്ണയുടെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യ രാജേന്ദ്രന്‍; ആരോപണവുമായി കെ. മുരളീധരന്‍
Kerala
വൈഷ്ണയുടെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യ രാജേന്ദ്രന്‍; ആരോപണവുമായി കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th November 2025, 8:49 am

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.

മുട്ടട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടാന്‍ ആര്യ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരന്‍.

നിയമനടപടിയിലൂടെ വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചത്, യഥാര്‍ത്ഥ വോട്ടര്‍മാരെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയില്‍ നമുക്ക് ആശ്രയിക്കാവുന്ന കോടതിയാണ് എല്ലാത്തിന്റെയും അവസാനം. തങ്ങളും കോടതിയെ ആശ്രയിച്ചു. നീതി കിട്ടിയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വൈഷ്ണയ്ക്ക് മത്സരിക്കാന്‍ അവസരം കിട്ടിയത് ഹൈക്കോടതിയുടെ ഇടപെടല്‍ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 13ന് രാത്രിയില്‍ ഉദ്യോഗസ്ഥ തലത്തില്‍ ചില കളികള്‍ നടന്നിട്ടുണ്ട്. പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല. ഇപ്പോള്‍ സ്ഥാനമൊഴിയാൻ നില്‍ക്കുന്ന മേയര്‍ എന്തിനാണ് 13ന് വൈകുന്നേരം കോര്‍പറേഷന്‍ ഓഫീസില്‍ വന്നത്? അന്ന് കോര്‍പറേഷനില്‍ എത്തിയ മേയര്‍ വൈഷ്ണയുടെ വോട്ട് വെട്ടിച്ചുവെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും കെ. മുരളീധരന്‍ ആരോപിച്ചു.

മേയറുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് വോട്ട് വെട്ടേണ്ടി വന്നതെന്ന് കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നും അറിഞ്ഞതായും മുരളീധരന്‍ പറയുന്നു. ഇതിന് കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുരളീധരന്‍ പറഞ്ഞു.

ടി.സി നമ്പറിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി സ്ഥാനാര്‍ത്ഥി തന്നെ പരാതി നല്‍കിയിട്ടും അത് സ്വീകരിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇതിനുപിന്നില്‍ ഗൂഢാലോചനയാണെന്നും അതിന്റെ ഭാഗമായ നാടകമാണ് കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നതെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ തന്നെ എല്‍.ഡി.എഫ് തോറ്റുവെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്നലെ (ബുധന്‍) വൈഷ്ണയ്ക്ക് മത്സരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിരുന്നു. വൈഷ്ണയുടെ വോട്ട് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കമ്മീഷന്റെ നടപടി.

Content Highlight: Arya Rajendran is behind Vyshna’s vote-cuting; K. Muraleedharan alleges