അച്ഛനും അമ്മയും മരിച്ചതിന്റെ ഡബിള്‍ ട്രാജഡിയുടെ നടുവിലാണ് ഞാന്‍ ആ മണിരത്‌നം ചിത്രത്തില്‍ അഭിനയിച്ചത്: അരവിന്ദ് സ്വാമി
Entertainment
അച്ഛനും അമ്മയും മരിച്ചതിന്റെ ഡബിള്‍ ട്രാജഡിയുടെ നടുവിലാണ് ഞാന്‍ ആ മണിരത്‌നം ചിത്രത്തില്‍ അഭിനയിച്ചത്: അരവിന്ദ് സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st January 2025, 9:00 pm

മണിരത്നം ഇന്ത്യന്‍ സിനിമക്ക് പരിചയപ്പെടുത്തിയ മികച്ച നടന്മാരില്‍ ഒരാളാണ് അരവിന്ദ് സ്വാമി. 1992ല്‍ പുറത്തിറങ്ങിയ ദളപതിയിലൂടെയാണ് അരവിന്ദ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ രജിനികാന്തിനും മമ്മൂട്ടിക്കുമൊപ്പം കട്ടക്ക് പിടിച്ചുനിന്ന നടനെ ഇന്ത്യന്‍ സിനിമാലോകം അന്നേ ശ്രദ്ധിച്ചിരുന്നു.

പിന്നീട് റോജ, ബോംബൈ, ഇന്ദിര, മിന്‍സാരക്കനവ് എന്നീ ചിത്രങ്ങളിലൂടെ പലരുടെയും ഇഷ്ടനടനായി അരവിന്ദ് സ്വാമി മാറി. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും അരവിന്ദ് സ്വാമി തന്റെ സാന്നിധ്യമറിയിച്ചു. മണിരത്‌നം സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബോംബൈ.

അരവിന്ദ് സ്വാമിക്കൊപ്പം മനീഷ കൊയ്‌രാളയും പ്രധാനവേഷത്തിലെത്തിയ ചിത്രം ബോംബൈ കലാപത്തിന്റെ കഥയാണ് സംസാരിച്ചത്. ബോക്‌സ് ഓഫീസ് വിജയത്തോടൊപ്പം നിരവധി അവാര്‍ഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അരവിന്ദ് സ്വാമി.

ആ ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്താണ് തനിക്ക് തന്റെ അച്ഛനെയും അമ്മയെയും നഷ്ടമായതെന്ന് അരവിന്ദ് സ്വാമി പറഞ്ഞു. അത്തരമൊരു ഡബിള്‍ ട്രാജഡിയുടെ നടുവില്‍ നില്‍ക്കുന്ന സമയത്ത് ആ സിനിമ ചെയ്യാന്‍ മനസ് സമ്മതിക്കുന്നില്ലെന്ന് പറയാമായിരുന്നെന്നും എന്നാല്‍ അത് ചെയ്തില്ലെന്നും അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തു.

അത്തരമൊരു വിഷമഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ തനിക്ക് റൊമാന്‍സ് ചെയ്യാനു കോമഡി പറയാനും സാധിക്കില്ലെന്ന് മണിരത്‌നത്തോട് പറയാമായിരുന്നെന്നും എന്നാല്‍ താന്‍ അത് പറഞ്ഞില്ലെന്നും അരവിന്ദ് സ്വാമി പറഞ്ഞു. ആ സിനിമയുടെ സെറ്റ് തന്റെ മനസിലെ വേദനകള്‍ ഒരു പരിധി വരെ മായ്ച്ചുവെന്നും ആ സിനിമ ഇന്നും തനിക്ക് പ്രിയപ്പെട്ടതാണെന്നും അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അരവിന്ദ് സ്വാമി.

‘ബോംബൈ എന്ന സിനിമ ചെയ്യുന്ന സമയത്ത് ജീവിതത്തില്‍ ഡബിള്‍ ട്രാജഡി എന്ന് പറയാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നു ഞാന്‍. എന്റെ അച്ഛനും അമ്മയും ആ സിനിമയുടെ സമയത്താണ് മരിച്ചത്. എനിക്ക് വേണമെങ്കില്‍ ആ സിനിമയില്‍ നിന്ന് പിന്മാറാമായിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ എനിക്ക് തോന്നിയില്ല.

ആ സിനിമയിലെ റൊമാന്‍സും കോമഡിയും ഞാന്‍ ചെയ്‌തേ പറ്റൂ. എന്റെ രക്ഷിതാക്കള്‍ മരിച്ചു എന്ന് പറഞ്ഞ് മാറിനില്‍ക്കുന്നത് ശരിയല്ല. പക്ഷേ, ആ വിഷമത്തില്‍ നിന്ന് ഒരു ഡിസ്ട്രാക്ഷന്‍ എനിക്ക് ആ സെറ്റില്‍ നിന്ന് കിട്ടിയിരുന്നു. പല ഇന്റര്‍വ്യൂവിലും ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. എന്റെ വിഷമങ്ങളെ കുറച്ചുനേരമെങ്കിലും മറക്കാന്‍ ആ സിനിമയുടെ സെറ്റ് എന്നെ സഹായിച്ചിട്ടുണ്ട്,’ അരവിന്ദ് സ്വാമി പറയുന്നു.

Content Highlight: Arvind Swamy shares the memories of Bombay movie