ദല്‍ഹിയിലെ ജനങ്ങള്‍ ഗുണ്ടായിസത്തെ പരാജയപ്പെടുത്തി; ഷെല്ലി ഒബ്രോയ്ക്ക് അഭിനന്ദനവുമായി കെജ്‌രിവാള്‍
national news
ദല്‍ഹിയിലെ ജനങ്ങള്‍ ഗുണ്ടായിസത്തെ പരാജയപ്പെടുത്തി; ഷെല്ലി ഒബ്രോയ്ക്ക് അഭിനന്ദനവുമായി കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd February 2023, 5:37 pm

ന്യൂദല്‍ഹി: ദല്‍ഹി മേയറായി തെരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്രോയ്ക്ക് അഭിനന്ദനവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗുണ്ടകള്‍ തോറ്റെന്നും ഷെല്ലി ഒബ്രോയ്‌യുടേത് ഗുണ്ടായിസത്തെ പരാജയപ്പെടുത്തിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഗുണ്ടകള്‍ തോറ്റു, പൊതുജനം വിജയിച്ചു. ഇന്ന് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജനങ്ങള്‍ വിജയിച്ചു, അവര്‍ ഗുണ്ടായിസത്തെ പരാജയപ്പെടുത്തി,’ കെജ്‌രിവാള്‍ പറഞ്ഞു.

നേരത്തെ മൂന്ന് തവണ ബി.ജെ.പി അക്രമത്തെ തുടര്‍ന്ന് ദല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് തടസപ്പെട്ടിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. ഇതിന് പിന്നാലെയാണ പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

ഒബ്രോയ്‌യെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അഭിനന്ദിച്ച് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുമെന്നും അതിന്റെ സുഗമമായ പ്രവര്‍ത്തനത്തില്‍ സഹകരിക്കുമെന്നും വിജയത്തിന് ശേഷം ഷെല്ലി ഒബ്‌റോയും മാധ്യമങ്ങളോട് പ്രതികരിച്ചു.

ബി.ജെ.പിയുടെ രേഖ ഗുപ്തയെ 36 വോട്ടിന് പരാജയപ്പെടുത്തിയാണ് ഷെല്ലി ഒബ്രോയി ദല്‍ഹി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഷെല്ലി ഒബ്രോയ്ക്ക് 150 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി രേഖ ഗുപ്തക്ക് 116 വോട്ടും ലഭിച്ചു. 250 വാര്‍ഡ് കൗണ്‍സിലര്‍മാരും ഏഴ് ലോക്സഭാ എം.പിമാരും മൂന്ന് രാജ്യസഭാ എം.പിമാരും 14 എം.എല്‍.എമാരും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.

Content Highlight: Arvind Kejriwal’s comment Aam Aadmi Party’s Shelly Oberoi wins Delhi Corporation Mayoral election