മെസി പി.എസ്.ജിയിൽ ഒരു പരാജയമായിത്തീർന്നിരിക്കുന്നു; വിമർശനവുമായി മുൻ സൂപ്പർ താരം
football news
മെസി പി.എസ്.ജിയിൽ ഒരു പരാജയമായിത്തീർന്നിരിക്കുന്നു; വിമർശനവുമായി മുൻ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd February 2023, 4:20 pm

ലോകകപ്പ് ഫുട്ബോളിൽ മിന്നും പ്രകടനം കാഴ്ചവെച്ച മെസിക്ക് തന്റെ ക്ലബ്ബായ പി. എസ്.ജിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്ന് വരുന്നുണ്ട്.

പ്രതിരോധത്തിൽ നിറയെ പാളിച്ചകളുള്ള ക്ലബ്ബിന്റെ മുൻ നിരയും അവരുടെ പേരുകേട്ട സ്‌ക്വാഡ് ഡെപ്ത്തിനനുസരിച്ചുള്ള പ്രകടനം മൈതാനത്ത് കാഴ്ചവെക്കുന്നതിൽ പരാജയപ്പെടുകയാണ്.

ലോസ്ക് ലില്ലിക്കെതിരെ നടന്ന മത്സരത്തിൽ നെയ്മറിനും മെസിക്കും എംബാപ്പെക്കും ഗോൾ നേടി തിളങ്ങാൻ സാധിച്ചെങ്കിലും മൂന്ന് ഗോൾ വഴങ്ങിയതും സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തായതും വലിയ തിരിച്ചടിയാണ് പാരിസ് ക്ലബ്ബിന് ഉണ്ടാക്കിയത്.

എന്നാലിപ്പോൾ ക്ലബ്ബിൽ മെസിയൊരു പരാജയമായി മാറിയെന്നും താരവുമായുള്ള കരാർ ക്ലബ്ബ്‌ പുതുക്കരുതെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പി.എസ്. ജി താരമായ ജെറോം റോത്തൻ.

ആർ.എം.സി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് താരം മെസിയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.
മെസി ബാഴ്സയിൽ നിന്നും പി.എസ്.ജിയിലേക്ക് എത്തിയപ്പോൾ അതിനെതിരെ അനുകൂലമല്ലാത്ത രീതിയിൽ പ്രതികരണവുമായി എത്തിയ പ്രമുഖരിൽ റോത്തനും ഉൾപ്പെടുന്നുണ്ട്.

“മെസി പി.എസ്.ജിയിലേക്ക് എത്തിയതിന് പിന്നാലെ പല അപാകതകളും സംഭവിക്കുന്നുണ്ട്. മെസിയെക്കുറിച്ച് ഇത്തരത്തിലൊരു പരാമർശം നടത്തുന്നത് തന്നെ ശരിയല്ലെന്നെനിക്കറിയാം. കാരണം അദ്ദേഹം ഫുട്ബോളിലെ ഇതിഹാസമാണ്. പക്ഷെ ഇപ്പോൾ യാഥാർത്യത്തിലെക്ക് നമ്മൾ തിരിച്ചു വന്നാൽ മെസിക്ക് മുടക്കിയ മൂല്യത്തിന് അനുസരിച്ച് അദ്ദേഹം ക്ലബ്ബിൽ പ്രകടനം നടത്തുന്നില്ല എന്ന് പറയേണ്ടി വരും,’ ജെറോം റോത്തൻ അഭിപ്രായപ്പെട്ടു.

“ഞാൻ ക്ലബ്ബിനൊപ്പം നിന്ന് ക്ലബ്ബിന് വേണ്ടിയാണ് സംസാരിക്കുന്നത്. ലൂയിസ കംമ്പസ് തീർച്ചയായും മെസിയുടെ കരാർ പുതുക്കുന്നതിനെ പറ്റി പുനരാലോചന നടത്തണം. ക്ലബ്ബിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ മെസിയെ പി.എസ്.ജിക്ക് ആവശ്യമില്ല. അദ്ദേഹത്തിന്റെ സൈനിങ്‌ ഒരു പരാജയമാണെന്ന് തന്നെ പറയേണ്ടി വരും,’ ജെറോം റോത്തൻ കൂട്ടിച്ചേർത്തു.

ബാഴ്സലോണക്കായി ഈ സീസണിൽ 27 മത്സരങ്ങളിൽ നിന്നും 16 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസിയുടെ സംഭാവന.


അതേസമയം ലീഗ് വണ്ണിൽ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളോടെ 57 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഫെബ്രുവരി 27ന് മാഴ്സക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

 

Content Highlights:Messi is a failure at PSG;criticise Jerome Rothen